/indian-express-malayalam/media/media_files/uploads/2021/10/Param-Bir-Sing-Reshmi-Sukla.jpg)
മുംബൈ: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ പരം ബിര്‍ സിങ്, രശ്മി ശുക്ല എന്നിവര്‍ക്കു സമന്‍സ് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ട് കൊറേഗാവ് ഭീമ അന്വേഷണ കമ്മിഷന്‍. 2018 ജനുവരി ഒന്നിലെ കലാപത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ സാക്ഷികളായി ഹാജരാകുന്നതിനാണു സമന്‍സ്. രണ്ടംഗ അന്വേഷണ കമ്മിഷന്റെ തലവനായ റിട്ട. ജസ്റ്റിസ് ജെഎന്‍ പട്ടേലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരം ബിര്‍ സിങ്ങും രശ്മി ശുക്ലയും നവംബര്‍ എട്ടിനകം സമന്‍സിന് മറുപടി നല്‍കണം. കൊറേഗാവ് ഭീമ സംഭവം നടക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന പരംബിര്‍ സിങ് നിലവില്‍ എവിടെയാണെന്നു വ്യക്തമല്ല. പുണെ കമ്മിഷണറായിരുന്ന രശ്മി ശുക്ല നിലവില്‍ ഹൈദരാബാദില്‍ സിആര്‍പിഎഫ് (സൗത്ത് സോണ്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്.
കൊറെഗാവ് ഭീമയുദ്ധത്തിന്റെ 200 -ാം വാര്‍ഷികത്തിനു മുന്നോടിയായി 2017 ഡിസംബര്‍ 31 -ന് പൂനെ സിറ്റി പൊലീസിന്റെ അധികാരപരിധിയില്‍ എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ കൂടിച്ചേരല്‍ നടന്നിരുന്നു. എല്‍ഗാര്‍ പരിഷത്ത് കേസില്‍ പിടിയിലായവരില്‍നിന്ന് നിരോധിത സംഘനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി 2018 ഓഗസ്റ്റി പരംബിര്‍ സിങ് പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
പരം ബിര്‍ സിങ്ങിനെയും രശ്മി ശുക്ലയെയും സാക്ഷികളായി വിളിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്റെ അഭിഭാഷകന്‍ ആശിഷ് സത്പുതെ ഇന്ന് അപേക്ഷ നല്‍കുകയായിരുന്നു. കലാപം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങളും ഇരു ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.
Also Read: ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ചോദ്യം ചെയ്യലിനായി അനന്യ പാണ്ഡെ എന്‍സിബി ഓഫീസില്‍
അതേസമയം, വ്യത്യസ്ത വിവാദങ്ങളില്‍ ഇടംപിടിച്ചവരാണു പരംബിര്‍ സിങ്ങും രശ്മി ശുക്ലയും. മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ നിരവധി ആരോപണങ്ങളുമായി മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തെഴുതിയതിനെത്തുടര്‍ന്ന് സിംഗിനെ മുംബൈ പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മുംബൈയിലെ 1,750 ബാറുകളിലും റെസ്റ്റോറന്റുകളിലും നിന്നായി 40-50 കോടി രൂപ ഉള്‍പ്പെടെ 100 കോടി രൂപ ശേഖരിക്കാന്‍ ദേശ്മുഖ് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വെയ്‌സിനോട് ആവശ്യപ്പെട്ടുവെന്നായിരുന്നു സിങ്ങിന്റെ ആരോപണം.
മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തുനിന്നു ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെയ്‌സിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു സിങ് കത്തയച്ചത്. ഈ കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സിങ്ങിനു സമന്‍സ് അയച്ചിരുന്നു.
പരംബിര്‍ സിങ്ങിനെതിരെ മഹാരാഷ്ട്രയില്‍ അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ സിങ്ങനെതിര രണ്ട് 'തുറന്ന അന്വേഷണങ്ങള്‍' നടത്തുന്നമുണ്ട്. എന്‍സിപി നേതാവ് ദേശ്മുഖിനെതിരെ സിങ്ങ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന കെ യു ചണ്ഡിവാള്‍ കമ്മിഷന്‍ പുറപ്പെടുവിച്ച ജാമ്യ വാറന്റ് നടപ്പിലാക്കാന്‍ മുംബൈ പൊലീസിന്റെ സിഐഡി അദ്ദേഹത്തെ അന്വേഷിക്കുകയാണ്.
'നിയമവിരുദ്ധമായ' ഫോണ്‍ ചേര്‍ത്തല്‍ സംബന്ധിച്ച് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്ത് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം (എസ്‌ഐഡി) മുന്‍ കമ്മിഷണറായ രശ്മി ശുക്ല സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണനയിലാണ്. രശ്മി ശുക്ല എസ്‌ഐഡിക്ക് നേതൃത്വം നല്‍കിയപ്പോഴാണ് ചോര്‍ത്തല്‍ നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.