scorecardresearch

ചാള്‍സിനെ ബ്രിട്ടന്റെ പുതിയ രാജാവായി ശനിയാഴ്ച പ്രഖ്യാപിക്കും

ലണ്ടനിലേക്കു തിരിച്ചിരിക്കുന്ന ചാള്‍സ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്കു തിരിച്ചിരിക്കുന്ന ചാള്‍സ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തും

author-image
WebDesk
New Update
ചാള്‍സിനെ ബ്രിട്ടന്റെ പുതിയ രാജാവായി ശനിയാഴ്ച പ്രഖ്യാപിക്കും

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് രാജാവിനെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ചേരുന്ന അക്‌സെഷന്‍ കൗണ്‍സില്‍ യോഗത്തിലാണു പ്രഖ്യാപനമുണ്ടാവുക.

Advertisment

ലണ്ടനിലേക്കു തിരിച്ചിരിക്കുന്ന ചാള്‍സ് രാജാവ് പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു ടെലിവിഷനിലൂടെ ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യും. എലിസബത്ത് സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ ചാള്‍സ് രാജാവ് സമീപത്തുണ്ടായിരുന്നു.

ഗ്രീനിച്ച് സമയം രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന കൗണ്‍സില്‍ യോഗം രണ്ടു ഭാഗങ്ങളായാണു നടക്കുക. കൗണ്‍സിലില്‍ രാജ്യത്തിന്റെ പുതിയ പരമാധികാരിയെ പ്രഖ്യാപിക്കുകയും സ്‌കോട്ട്ലന്‍ഡിലെ പള്ളിയുടെ സുരക്ഷ ഉയര്‍ത്തിപ്പിടിക്കാന്‍ രാജാവ് പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കുകയും ചെയ്യും.

യോഗത്തെത്തുടര്‍ന്നു 10 മണിക്കു സെന്റ് ജെയിംസ് പാലസിലെ ഫ്രിയറി കോര്‍ട്ടിന് അഭിമുഖമായി ബാല്‍ക്കണിയില്‍നിന്നു രാഷ്ട്രത്തലവന്റെ പ്രഖ്യാപനം നടക്കും. യുണൈറ്റഡ് കിങ്ഡത്തിലുടനീളവും ലണ്ടന്‍ നഗരത്തിലും പുതിയ രാജാവിനെക്കുറിച്ചുള്ള മറ്റു പ്രഖ്യാപനങ്ങളും നടക്കും.

Advertisment

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴ്‌വക്കമനുസരിച്ചാണു എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജാവാകുന്നത്. രാജപദവിയിലുള്ളയാളുടെ മരണം സംഭവിച്ച് 24 മണിക്കൂറിനകം അവകാശിയെ പ്രഖ്യാപിക്കുന്നതാണു ബ്രിട്ടീഷ് രീതി.

കിങ് ചാള്‍സ് മൂന്നാമന്‍ എന്നാകും ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ഇനി അറിയപ്പെടുക. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാകും അദ്ദേഹം. 25-ാം വയസിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജ്ഞിയായതെങ്കിലും ചാള്‍സ് രാജാവാകുന്നത് എഴുപത്തി മൂന്നാം വയസിലാണ്. കിരീടത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നയാളും ചാള്‍സാണ്.

രാജ്ഞിയുടെ സംസ്‌കാരത്തിനുശേഷം ഏഴാം ദിവസം അവസാനിക്കുന്ന ദുഃഖാചരണം ബ്രിട്ടീഷ് രാജകുടുംബം ആചരിക്കും. ഈ കാലയളവില്‍ രാജകീയ വസതികളിലെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്‌കാരം എപ്പോള്‍ നടത്തുമെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രമരണത്തിനു പതിനൊന്നാം ദിവസം സംസ്‌കാരം നടക്കാനാണു സാധ്യതയെന്നാണു റിപ്പോര്‍ട്ടുകള്‍.

തൊണ്ണൂറ്റി ആറുകാരിയായ രാജ്ഞിയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്ന് അനുശോചനം പ്രവഹിക്കുകയാണ്. അതേസമയം, എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ആദരസൂചകമായി 11ന് ഇന്ത്യ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു.

'നമ്മുടെ കാലത്തെ അതികായ' എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അനുസ്മരിച്ചത്. 'അവരുടെ രാജ്യത്തിനും ജനങ്ങള്‍ക്കും പ്രചോദനാത്മകമായ നേതൃത്വം നല്‍കി' എന്നും 'പൊതുജീവിതത്തില്‍ അന്തസും മാന്യതയും സ്വഭാവസവിശേഷതയാക്കി' എന്നും അദ്ദേഹം പറഞ്ഞു.

Britain Queen Elizabeth Ii United Kingdom

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: