/indian-express-malayalam/media/media_files/uploads/2020/10/Kushboo.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന നടി ഖുശ്ബു സുന്ദര്‍ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ.എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്‌ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി.ടി.രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ നേരായ പാതയിൽ നയിക്കാൻ മോദിയെ പോലുള്ള ഭരണാധികാരികൾ വേണമെന്ന് ഖുശ്‌ബു പറഞ്ഞു. കോൺഗ്രസിനെ കുറ്റപ്പെടുത്തിയും ഖുശ്‌ബു സംസാരിച്ചു.
തമിഴ്‌നാട് കോണ്‍ഗ്രസില്‍നിന്ന് രാജിവയ്‌ക്കുന്നതായി താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി.
പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപ്പോലുള്ളവരെ 'പാര്‍ട്ടിയിലെ ഉന്നത തലങ്ങളില്‍ ഇരിക്കുന്ന ചിലര്‍ ഘടകങ്ങള്‍' അടിച്ചമര്‍ത്തുകയാണെന്ന് സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തില്‍ ഖുശ്ബു പറഞ്ഞു. "അടിസ്ഥാന യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അല്ലെങ്കില്‍ പൊതുജങ്ങളുടെ അംഗീകാരമില്ലാത്ത ആളുകള്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നു" എന്നും അവര്‍ രാജിക്കത്തില്‍ ആരോപിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയാണ് ഖുശ്ബുവിന്റെ ബിജെപി പ്രവേശനം എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ആറുവര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു ഖുശ്ബു.
കേന്ദ്രസര്‍ക്കാര്‍ ജൂലൈയില്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ഖുശ്ബു പിന്തുണച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസുമായുള്ള ഖുശ്ബുവിന്റെ ഭിന്നതയെക്കുറിച്ച് ആദ്യം പ്രചരിക്കാനിടയാക്കിയത്. എന്നാല്‍, പാര്‍ട്ടിനയത്തില്‍നിന്നും വ്യത്യസ്തമായ നിലപാടിന്റെ പേരില്‍ അവര്‍ രാഹുല്‍ ഗാന്ധിയോട് ട്വീറ്റിലൂടെ ക്ഷമാപണം നടത്തിയിരുന്നു.
'മാറ്റം അനിവാര്യമാണ്' എന്ന ഖുശ്ബുവിന്റെ ശനിയാഴ്ചത്തെ ട്വീറ്റാണ് അവരുടെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായത്.
"പലരും എന്നില്‍ ഒരു മാറ്റം കാണുന്നു. പ്രായം കൂടുന്തോറും നിങ്ങളില്‍ മാറ്റം വരികയും വളരുകയും ചെയ്യുന്നു, പഠിക്കുകയും പഠിച്ചതു മറക്കുകയും ചെയ്യുന്നു, ധാരണകള്‍ മാറുന്നു, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവുന്നു, ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപമുണ്ടാകുന്നു, സ്വപ്നങ്ങള്‍ പുതിയതാകുന്നു, ഇഷ്ടവും പ്രണയം തമ്മിലും ശരിയും തെറ്റും തമ്മിലുമുള്ള വ്യത്യാസം മനസിലാക്കുന്നു. മാറ്റം അനിവാര്യമാണ്," ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു.
2010 മുതല്‍ ഡിഎംകെ അംഗമായിരുന്ന ഖുശ്ബു 2014 ലാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.