scorecardresearch
Latest News

സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിനു വെള്ളവും വളവും കൊടുക്കുന്നു; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഗുരുവിന്റെ കാഴ്‌ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്ത് എന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിനു മാനക്കേടാണെന്ന് ജനയുഗത്തിൽ വിമർശനം

സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിനു വെള്ളവും വളവും കൊടുക്കുന്നു; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമനവിവാദത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രതികരണങ്ങൾക്കെതിരെയാണ് സിപിഐ രംഗത്തെത്തിയത്.

കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാവില്ലെന്ന് സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.

ഗുരുവിന്റെ കാഴ്‌ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്ത് എന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിനു മാനക്കേടാണെന്ന് ജനയുഗത്തിൽ പറയുന്നു.

Read Also: എൻ‌എസ്‌എസ് എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍

“ശ്രീനാരായണ ഗുരുവിനോടുള്ള കേരളത്തിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പൺ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്‌മാരകമാകണമെന്ന തീരുമാനത്തിനു പിന്നിൽ. അതിനെ നയിക്കാൻ മുസ്‌ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ, രാജ്യത്ത് വർഗീയ വിഷംപകർന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവോ വിമർശിക്കുന്നതിനെ ആരും ആ അർത്ഥത്തിലേ കാണൂ. എന്നാൽ, ഗുരുദേവൻ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്‌ന്നത് ശ്രീനാരായണ ഗുരുവിനെ സ്‌മരിക്കുന്ന കേരളവാസികൾക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല,”

“ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതി നിർണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കൽപ്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്‌ക്ക് മുന്നിൽ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്‌എൻഡിപി സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്,” ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpi against vellappalli nateshan sndp