/indian-express-malayalam/media/media_files/uploads/2020/01/jail.jpg)
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണാടകയില്‍ സ്‌കൂളില്‍ നാടകം കളിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയും വിദ്യാര്‍ഥികളിലൊരാളുടെ രക്ഷിതാവും അറസ്റ്റില്‍. കര്‍ണാടക ബിദാറിലുണ്ടായ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിനാണു കേസെടുത്തത്.
ബിദാറിലെ ഷഹീന്‍ സ്‌കൂള്‍ പ്രധാനാധ്യാപികയുടെ ചുമതലയുള്ള ഫരീദ ബീഗം, വിദ്യാര്‍ഥികളിലൊരാളുടെ അമ്മയായ അനുജ മിന്‍സ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം ബിദാര്‍ പൊലീസ് സൂപ്രണ്ട് ടി ശ്രീധര സ്ഥിരീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ കളിച്ച നാടകമാണു വിവാദമായത്. ജനുവരി 26നാണു കേസിനാസ്പദമായ സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നീലേഷ് രക്ഷ്യാല്‍ എന്നയാളാണു പൊലീസ് പരാതി നല്‍കിയത്. ന്യൂടൗണ്‍ പൊലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നാടകം കളിക്കുന്നതില്‍ പ്രധാനാധ്യാപികയ്ക്കു നിര്‍ണായക പങ്കുണ്ടെന്നാണു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതെന്ന് എസ്‌പി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ വിവാദപരമായ സംഭാഷണങ്ങള്‍ നാടകത്തിലുണ്ടെന്നും. ഇക്കാര്യം അ്യാപികയ്ക്ക് അറിയാമായിരുന്നുവെന്നും എസ്‌പി പറഞ്ഞു. വിവാദ സംഭാഷണങ്ങള്‍ പറയുന്നതിനിടെ മോശമായി ഉപയോഗിക്കാന്‍ മകൾക്കു തന്റെ ചെരുപ്പ് നല്‍കിയെന്നാണ് രക്ഷിതാവിനെതിരായ കുറ്റം.
Read Also: മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പു പറഞ്ഞ് ഫാദർ പുത്തൻപുരയ്‌ക്കൽ
നാടകത്തിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ അടിയ്ക്കുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും നിലവില്‍ വന്നാല്‍ രാജ്യത്തെ മുസ്ലിങ്ങള്‍ രാജ്യത്തുനിന്ന് പുറത്തുപോകേണ്ടിവരുമെന്നു പ്രചരിപ്പിക്കുന്നതാണു നാടകമെന്നു പരാതിക്കാരന്‍ പറയുന്നു. നാടകത്തിന്റെ വീഡിയോ ദൃശ്യവും പരാതിക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിദ്യാര്‍ഥികളെ ഉപയോഗിച്ച് നാടകത്തിലൂടെ ദേശവിരുദ്ധത പ്രചരിപ്പിച്ചതെന്നാണു പരാതിക്കാരന്റെ ആരോപണം.
ദേശവിരുദ്ധത പ്രചരിപ്പിക്കാനാണു സ്‌കൂള്‍ മാനേജ്മെന്റ് ശ്രമിച്ചത്, നാടകത്തിന്റെ വീഡിയോ പ്രചരിക്കുന്നതു മതങ്ങള്‍ തമ്മിലുള്ള ഐക്യം തകരാന്‍ കാരണമാകും എന്നീ കാര്യങ്ങള്‍ ആരോപിച്ച പരാതിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റും നാടക സംവിധായകനും കുറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയാണ് നാടകത്തിലൂടെ കുട്ടികള്‍ കാണിച്ചതെന്നാണു സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.