/indian-express-malayalam/media/media_files/uploads/2020/02/Kannada-poet-arrest.jpg)
ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരായ കവിതയുടെ പേരില്‍ കര്‍ണാടകയില്‍ കവിയും മാധ്യമപ്രവര്‍ത്തകനും അറസ്റ്റില്‍. കവി സിരാജ് ബിസാരള്ളി, കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റര്‍ എച്ച്‌വി രാജബക്ഷി എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡയിലെ കൊപ്പല്‍ ജില്ലയിലാണു സംഭവം.
''നിന്ന ദഖലെ യാവഗ നീഡുട്ടീ? (നിങ്ങളുടെ രേഖകള്‍ എപ്പോഴാണു നല്‍കുക?)'' എന്ന സ്വന്തം കവിത കഴിഞ്ഞമാസം ഒന്‍പതിനു നടന്ന അനെഗുണ്ടി ഉത്സവ എന്ന സംസ്‌കാരിക ഉത്സവത്തില്‍ സിരാജ് ബിസാരള്ളി ചൊല്ലിയിരുന്നു. ഇതിന്റെ വീഡിയോ രാജബക്ഷി ജനുവരി 14നു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതാണു അറസ്റ്റിനു വഴിവച്ചത്.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ജനുവരി 24നു ഗംഗാവതി റൂറല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ത്യന്‍ പീനല്‍ കോഡ് 505-ാം വകുപ്പാണ് (കുഴപ്പത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ബിസാരള്ളിയും രാജബക്ഷിയും ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ കോടതി അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Read Also: അവിവാഹിതരായിരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതെന്ന് ശാസ്ത്രം
''ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 505-ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിരാജ് ബിസാരള്ളിയും രാജബക്ഷിയും ചൊവ്വാഴ്ച കോടതിയില്‍ കീഴടങ്ങി. അന്വേഷണം പുരോഗമിക്കുകയാണ്,'' ഗംഗാവതി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിപി ചന്ദ്രശേഖര്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന അനെഗുണ്ടി ഉത്സവ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവിദി, സാംസ്‌കാരിക മന്ത്രി സിടി രവി എന്നിവരും ജനുവരി ഒന്‍പതിനു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത വാര്‍ത്തയും അടുത്തിടെ കര്‍ണാടകയില്‍നിന്നു പുറത്തുവന്നിരുന്നു. ബിദാറിലുള്ള ഷഹീന്‍ ഉറുദു പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാര്‍ഥികളിലൊരാളുടെ മാതാവ് നജുമുന്നീസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കും 14 ദിവസത്തിനുശേഷം ഫെബ്രുവരി 14നാണു ജാമ്യം ലഭിച്ചത്. നാടകത്തില്‍ പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരി അടിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. പൊലീസ് തുടര്‍ച്ചയായി സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതു വിവാദമായിരുന്നു. പൊലീസിനെ നിശിതമായി വിമര്‍ശിച്ച് കര്‍ണാടക ബാലാവകാശ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.