/indian-express-malayalam/media/media_files/uploads/2022/04/KS-Eeswarappa.jpg)
ബെംഗളുരു: കരാറുകാരന്റെ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജിയ്ക്ക്. നാളെ വൈകിട്ട് രാജിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണു കേസെടുത്തത്. ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയ റോഡ് പ്രവൃത്തികളുടെ വകയില്‍ ലഭിക്കാനുള്ള നാല് കോടി രൂപയോളം അനുദവിക്കാന്‍ മന്ത്രി 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചെന്നു കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
മന്ത്രി ഈശ്വരപ്പയ്‌ക്കെിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, അദ്ദേഹവുമായി സംസാരിക്കുമെന്നും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ പറഞ്ഞിരുന്നു.
Also Read: നൂറ് കോടി ഡോളർ; ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറെന്ന് ഇലോൺ മസ്ക്
എന്നാല്‍, താന്‍ രാജിവയ്ക്കില്ലെന്നും പാട്ടീലിന്റെ മരണത്തിലേക്കു നയിച്ച ഗൂഢാലോചന സംബന്ധിച്ച പൂര്‍ണമായ പൊലീസ് അന്വേഷണത്തിനായി കാത്തിരിക്കുമെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.
നാല്‍പ്പതുകരനായ സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപ്പിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം തിങ്കളാഴ്ച രാത്രി വിഷം കഴിച്ചതായാണ് സംശയിക്കപ്പെട്ടത്.
തന്റെ മരണത്തിന് ഈശ്വരപ്പയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് സന്തോഷ് പാട്ടീല്‍ തിങ്കളാഴ്ച രാത്രി ബലഗാവിയിലെ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മെസേജ് അയച്ചിരുന്നു. സന്തോഷിന്റെ സഹോദരന്‍ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.