scorecardresearch

വേണ്ടിവന്നാല്‍ യോഗി മാതൃക കര്‍ണാടകയിലുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ പരസ്യമായി രോഷം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ പരസ്യമായി രോഷം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

author-image
WebDesk
New Update
karnataka bjp worker murder, Basavaraj Bommai, Yogi Model

ബെംഗളുരു: അക്രമികള്‍ക്കെതിരെ ആവശ്യമെങ്കില്‍ യോഗി മാതൃകയില്‍ നടപടിയെടുക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. യുവമമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണു ബൊമ്മെയുടെ പ്രതികരണം.

Advertisment

''ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന്, യോഗി (ആദിത്യനാഥ്)യാണു ശരിയായ മുഖ്യമന്ത്രി. കര്‍ണാടകയിലെ സാഹചര്യം നേരിടാന്‍ വ്യത്യസ്ത രീതികളുണ്ട്. അവയെല്ലാം സ്വീകരിക്കുന്നു. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ യോഗി മോഡല്‍ ഭരണം കര്‍ണാടകയിലുമുണ്ടാവും,'' ബൊമ്മെ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊമ്മെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കര്‍ണാടകയില്‍ 'യോഗി മോഡല്‍' ഭരണം വേണമെന്നു ഒരു വിഭാഗം ബി ജെ പി, സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി ആവശ്യമുയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

'ദേശവിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതു പോലുള്ള കടുത്ത നടപടികളെയാണ് 'യോഗി മോഡല്‍' എന്നതു സൂചിപ്പിക്കുന്നത്. ഗുണ്ടാനേതാവ് വികാസ് ദുബെയെ യു പി പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചതു പരാമര്‍ശിച്ചുകൊണ്ട് കര്‍ണാടകയിലും ഇതു നടപ്പാക്കാന്‍ നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ബൊമ്മെയോട് അഭ്യര്‍ഥിച്ചിരുന്നു.

Advertisment

ദക്ഷിണ കര്‍ണാടകത്തിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിലെ യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരു (32) ചൊവ്വാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കോഴിക്കട അടയ്ക്കുന്നതിനിടെ പ്രവീണിനു വെട്ടല്‍ക്കുകയായിരുന്നു.

പ്രവീണിന്് ആദരാജ്ഞലിയര്‍പ്പിക്കാന്‍ ബെല്ലാരെ ഗ്രാമത്തില്‍ എത്തിയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിന്‍ കുമാര്‍ കട്ടീലിന്റെ വാഹനം പ്രവര്‍ത്തകര്‍ വളഞ്ഞിരുന്നു. നാല് ഭാഗത്തുനിന്നുമായി വാഹനം ഉന്തുകയും തള്ളുകയും ചെയ്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. നേതാക്കള്‍ക്കെതിരെ ചീത്ത വിളിക്കുകയും കൂവുകയും ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണു പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. സംഭവത്തെത്തുടര്‍ന്നു സര്‍ക്കാരിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ രോഷം പ്രകടിപ്പിച്ച് നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ദേശവിരുദ്ധ വിഭാഗങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ തീവ്രവാദ വിരുദ്ധ സേന (എ ടി എസ്), ആഭ്യന്തര സുരക്ഷാ വിഭാഗം (ഐ എസ് ഡി) എന്നിവയ്ക്കു പുറമെ പ്രത്യേക കമാന്‍ഡോ യൂണിറ്റ് രൂപീകരിക്കുമെന്നു ബൊമ്മെ പറഞ്ഞു. അധികാരത്തിലേറി ഇന്ന് ഒരു വര്‍ഷം തികയുന്ന തന്റെ സര്‍ക്കാരിനു നൂറില്‍ നൂറ് മാര്‍ക്കാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം, പ്രവീണ്‍ നെട്ടാരു വധത്തില്‍ ഉടലെടുത്ത പാര്‍ട്ടിപ്രവര്‍ത്തകരുടെ രോഷത്തിന്റെ സാഹചര്യത്തില്‍ വാര്‍ഷികാഘോഷം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

സാമുദായിക സൗഹാര്‍ദം നിലനിറുത്തുന്നതിലും അതു തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളെ ഇല്ലാതാക്കുന്നതിലും സര്‍ക്കാരിനു മുന്നില്‍ ചില വെല്ലുവിളികളുണ്ടെന്നു ബൊമ്മെ പറഞ്ഞു. രാജ്യത്തുടനീളം ഈ വെല്ലുവിളി നിലനില്‍ക്കുന്നുണ്ടെന്നും 10 വര്‍ഷമായി അത്തരം ശക്തികള്‍ കര്‍ണാടകയില്‍ തല ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''സംസ്ഥാനത്ത് 2014-15 ല്‍ ആരംഭിച്ച അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 'സ്ലീപ്പര്‍ സെല്ലുകള്‍' പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയോ അത്തരം വിഭാഗങ്ങള്‍ക്കു പിന്തുണ നല്‍കുന്നവരെയോ എന്‍ ഐ എ സഹായത്തോടെ ജയിലിലേക്ക് അയച്ചിട്ടുണ്ട്,'' സമീപകാല അറസ്റ്റുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) തുടങ്ങിയ സംഘടനകളെ നിരോധിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നു ചോദ്യത്തിനു മറുപടിയായി ബൊമ്മെ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍പ് ഇത് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കോടതികള്‍ സ്റ്റേ ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇത്തരം സംഘടനകളെ നിരോധിക്കാവശ്യമായ റിപ്പോര്‍ട്ടുകളും തെളിവുകളും കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ ആരംഭിച്ചു. എത്രയും വേഗം കേന്ദ്രതീരുമാനം നിങ്ങള്‍ കേള്‍ക്കും. രാജ്യത്തുടനീളം നിരോധിക്കേണ്ടതുണ്ട്,'' അദ്ദേഹം പറഞ്ഞു.

Bjp Murder Chief Minister Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: