scorecardresearch
Latest News

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കര്‍ണാടക ബി ജെ പി അധ്യക്ഷന്റ വാഹനം വളഞ്ഞ് പ്രവര്‍ത്തകര്‍; അന്വേഷണം കേരളത്തിലേക്ക്

സംഭവത്തില്‍ 10 പേരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണസംഘങ്ങൾ കേരളത്തിലേക്കു പോയതായും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു

karnataka bjp worker murder, karnataka bjp worker murder, praveen nettaru murder kerala

ബെംഗളരു: കര്‍ണാടകയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ പ്രതിഷേധമുയര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണു പ്രതിഷേധം.

പ്രകോപിതരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിന്‍ കുമാര്‍ കട്ടീലിന്റെ വാഹനം വളഞ്ഞു. കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന് ആദരാജ്ഞലിയര്‍പ്പിക്കാന്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

മന്ത്രി വി സുനില്‍ കുമാറും ആര്‍ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടും നളിന്‍ കുമാര്‍ കട്ടീലിനൊപ്പമുണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ കട്ടീലിനെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല.

നാല് ഭാഗത്തുനിന്നുമായി വാഹനം ഉന്തുകയും തള്ളുകയും ചെയ്ത ജനക്കൂട്ടം നേതാക്കള്‍ക്കെതിരെ ചീത്ത വിളിക്കുകയും കൂവുകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണു ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

സംസ്ഥാനത്തും കേന്ദ്രത്തിലും ബി ജെ പി അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു സംരക്ഷണം നല്‍കുന്നില്ലെന്നാണു രോഷാകുലരായ പാര്‍ട്ടിപ്രവര്‍ത്തകരുടെ ചോദ്യം. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ച ആഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണു പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കേരള രജിസ്‌ട്രേഷന്‍ നമ്പറുള്ള മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്നു പേരാണു കൊലപാതകം നടത്തിയതെന്നാണ് ആരോപണം.

സംഭവത്തില്‍ 10 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഡി ജി പി പ്രവീണ്‍ സൂദ് കേരള പൊലീസുമായി ബന്ധപ്പെട്ടു വരികയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സംഘങ്ങള്‍ കേരളത്തിലേക്കു പോയതായും ആവശ്യമെങ്കില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തയാാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശിവമോഗയില്‍ ബജ്റങ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തിനു ശേഷവും ബി ജെ പി സര്‍ക്കാര്‍ ഒരു പാഠവും പഠിക്കാത്തത് എന്തുകൊണ്ടാണെന്ന് ജെ ഡി (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ചോദിച്ചു.”ഇതെല്ലാമൊരു രാഷ്ട്രീയക്കളിയാണ്. പാവപ്പെട്ടവാരാണ് ഇതിന് ഇരകളാകുന്നത്. ഹര്‍ഷയും പ്രവീണും പാവപ്പെട്ട കുടുംബ്െങ്ങളില്‍ പെട്ടവരാണ്. ഈ മരണങ്ങളെ ബി ജെ പി നേട്ടത്തിനായി ഉപയോഗിക്കുകയാണ്,” കുമാരസ്വാമി ആരോപിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka bjp youth worker murder dakshina kannada protests

Best of Express