scorecardresearch

കര്‍ണാടകത്തിലെ ഹലാല്‍വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മന്ത്രി; ഭീതി ഉയര്‍ത്തി കശാപ്പ് ചട്ട ഉത്തരവ്

പുതിയ ഉത്തരവ് ഹലാല്‍ മാംസം വില്‍പ്പനക്കാരെ ലക്ഷ്യമിട്ടാണ് ഉപയോഗിക്കുകയെന്ന് കശാപ്പുകാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ജമൈത്തുല്‍ ഖുറേഷി ഓഫ് കര്‍ണാടകയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുര്‍ റഹ്‌മാന്‍ ഖുറേഷി പറഞ്ഞു

പുതിയ ഉത്തരവ് ഹലാല്‍ മാംസം വില്‍പ്പനക്കാരെ ലക്ഷ്യമിട്ടാണ് ഉപയോഗിക്കുകയെന്ന് കശാപ്പുകാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ജമൈത്തുല്‍ ഖുറേഷി ഓഫ് കര്‍ണാടകയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുര്‍ റഹ്‌മാന്‍ ഖുറേഷി പറഞ്ഞു

author-image
WebDesk
New Update
Anti Halal protest, Karnataka, BJP

ബെംഗളുരു: കര്‍ണാടകത്തില്‍ ഹലാല്‍ മാംസത്തിനെതിരായ തീവ്ര ഹിന്ദു സംഘടനകള്‍ പ്രചാരണം തുടരുന്നതിനിടെ, കശാപ്പിനു മുമ്പ് മൃഗം അബോധാവസ്ഥയിലായിരിക്കണമെന്നു നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ തങ്ങളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ചേക്കുമെന്ന ഭയത്തില്‍ വ്യാപാരികള്‍.

Advertisment

ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ അറവുശാലകള്‍ക്കു ലൈസന്‍സ് നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുന്‍പ് വൈദ്യുത ഷോക്ക് നല്‍കി ബോധരഹിതമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ, വെറ്ററിനറി സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

മിക്ക അറവുശാലകളും ചെറിയ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചിലതില്‍ മാത്രമാണു മൃഗങ്ങളെ ബോധരഹിതമാക്കുന്ന സൗകര്യമുള്ളത്. ബോധരഹിതമാക്കിയശേഷം അറക്കുന്ന മൃഗത്തിന്റെ മാംസം ഹലാലാകുമോയെന്നത് പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.

കന്നഡ പുതുവര്‍ഷമായ യുഗാദി(ഈ വര്‍ഷം ശനിയാഴ്ച ആചരിക്കുന്നു)യുടെ അതേസമയത്താണ് കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ പ്രചാരണം നടക്കുന്നത്. യുഗാദിയുടെ പിറ്റേ ഹിന്ദുക്കള്‍ മാംസം കഴിക്കുന്നതു പതിവുള്ളതാണ്. ഹലാല്‍ കടകളില്‍നിന്ന് മാംസം വാങ്ങരുതെന്ന് ഹിന്ദു സംഘടനകള്‍ ഹിന്ദുക്കളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ബജ്റംഗ്ദള്‍ മുസ്ലിം മുസ്ലീം കടകളുടെയും റസ്റ്റോറന്റുകളുടെയും ഉടമകളെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി.

Advertisment

ആഘോഷങ്ങള്‍ സമാധാനപരമാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍ദേശം നല്‍കി. ക്രമസമാധാനനില തകരാറിലാകാതെ വേണം ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ഹലാല്‍ മാംസത്തിനെതിരെ ചില ഹിന്ദു അനുകൂല സംഘടനകള്‍ നടത്തുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവരുടെ പ്രദേശങ്ങളില്‍ സമാധാന യോഗങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ബൊമ്മെ പറഞ്ഞു.

Also Read: ഹിജാബ് വിവാദത്തിനും ഉത്സവങ്ങളിലെ മുസ്ലിം വിലക്കിനും പിറകെ കർണാടകയിൽ ഹലാൽ വിരുദ്ധ പ്രചാരണം

അതേസമയം, ഹലാല്‍ മാംസത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി ഹിന്ദു മതസ്ഥാപന, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി ശശികല ജോളി പറഞ്ഞു. ''ഹലാല്‍-ഹലാലേതര മാംസം എന്ന പ്രശ്‌നം തീരദേശ മേഖലയില്‍ വളരെ പ്രശ്‌നമാണ്. ഹിന്ദു സംഘടനകള്‍ ചെയ്യുന്നതു ശരിയാണെന്ന് തോന്നുന്നു. ദൈവത്തിനു സമര്‍പ്പിക്കുന്ന മൃഗത്തിന്റെ 'ഝട്ക കട്ട്' സംബന്ധിച്ച് അവര്‍ അവബോധം പ്രചരിപ്പിക്കുകയാണ്,'' മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെ കത്ത് യുഗാദി കാലത്തെ ഒരു പതിവ് ഉത്തരവ് മാത്രമാണെന്നും മൃഗങ്ങളെ ബോധരഹിതമാക്കാന്‍ ഷോക്ക് സൗകര്യങ്ങളുള്ള അറവുശാലകളില്‍ ഇൗ രീതി വളരെ കുറച്ചുമാത്രമാണു പിന്തുടരുന്നതെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൃഗത്തെ ബോധരഹിതമാക്കാന്‍ സംവിധാനമുള്ള രജിസ്റ്റര്‍ ചെയ്ത അറവുശാലകള്‍ സംസ്ഥാനത്ത് ആവശ്യത്തിനില്ലെന്നും ഉത്തരവ് നടപ്പാക്കാനാകില്ലെന്നും മൃഗസംരക്ഷണ വകുപ്പിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ ദി സണ്‍ഡേ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ്, അറവുശാലകള്‍ക്ക് പിഴ ചുമത്താനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പുചെയ്യുന്നതിന് മുമ്പ് ബോധരഹിതമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് 2001 മാര്‍ച്ച് 23 മുതല്‍ നിലവിലുണ്ട്. അതേസമയം, കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഹലാല്‍ മാംസം വില്‍പ്പനക്കാരെ ലക്ഷ്യമിട്ടാണ് ഉപയോഗിക്കുകയെന്ന് കശാപ്പുകാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ജമൈത്തുല്‍ ഖുറേഷി ഓഫ് കര്‍ണാടകയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുര്‍ റഹ്‌മാന്‍ ഖുറേഷി പറഞ്ഞു.

Karnataka Slaughterhouse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: