scorecardresearch

Latest News

ഹിജാബ് വിവാദത്തിനും ഉത്സവങ്ങളിലെ മുസ്ലിം വിലക്കിനും പിറകെ കർണാടകയിൽ ഹലാൽ വിരുദ്ധ പ്രചാരണം

സംഭവത്തിൽ അഞ്ച് ബജ്‌റംഗ്ദൾ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി പോലീസ്

പ്രതീകാത്മക ചിത്രം

ഹലാൽ മാംസം വിൽക്കുന്നത് അവസാനിപ്പിക്കണണെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ബുധനാഴ്ച ഹോട്ടലിൽ അതിക്രമിച്ച് കയറി ഒരു തൊഴിലാളിയെ ആക്രമിച്ചു. അടുത്ത ദിവസം, നഗരത്തിലെ ഒരു ഹോട്ടലുടമയെ ഹലാൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ ആക്രമിച്ച. ഇടപെടാൻ ശ്രമിച്ച ഒരു ഉപഭോക്താവും ആക്രമിക്കപ്പെട്ടു. സംഭവത്തിൽ അഞ്ച് ബജ്‌റംഗ്ദൾ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് വെള്ളിയാഴ്ച പറഞ്ഞു.

അതിനിടെ, വലതുപക്ഷ നേതാക്കളായ പ്രശാന്ത് സംബർഗിയും പുനീത് കേരെഹള്ളിയും ഹലാൽ നിരോധനത്തിനായി വ്യാഴാഴ്ച ബെംഗളൂരുവിലെ ചാമരാജ്പേട്ട് പ്രദേശത്തെ ഒരു മാർക്കറ്റിൽ പ്രചാരണം നടത്തി. ഹലാൽ മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് അവർ ലഘുലേഖകൾ വിതരണം ചെയ്തു. എന്നാൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇരുവരേയും തിരിച്ചയച്ചു.

ഹിജാബ് വിവാദം, ക്ഷേത്രപരിസരങ്ങളിലോ ഉത്സവങ്ങളിലോ സ്റ്റാളുകൾ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്ലീം വ്യാപാരികൾക്കുള്ള നിരോധനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഈ ഏറ്റവും പുതിയ ഹിന്ദു വലതുപക്ഷ പ്രചാരണം. ശിവമോഗയിലും ബംഗളൂരുവിലും ഉള്ളതുപോലെ, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഹിന്ദുത്വ പ്രവർത്തകർ വീടുവീടാന്തരം കയറി ലഘുലേഖകൾ വിതരണം ചെയ്യുകയും “ഹിന്ദു കടകളിൽ” നിന്ന് മാത്രം പലചരക്ക് സാധനങ്ങളും മാംസവും വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒരാഴ്ച മുമ്പ് ഹലാൽ മാംസത്തിനെതിരെ വലതുപക്ഷ ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചാരണം ആരംഭിച്ചതോടെയാണ് ഈ പ്രചാരണത്തിന് തുടക്കമായത്. ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകൾ ഇറച്ചിക്കടകളുടെ സൈൻ ബോർഡുകളിൽ നിന്ന് ഹലാൽ സർട്ടിഫിക്കേഷൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ ആഴ്ച ആദ്യത്തോടെ ഇത് ശക്തി പ്രാപിച്ചു.

Also Read: മുസ്ലിം വിലക്ക്: അസംതൃപ്തി പ്രകടിപ്പിച്ച് കർണാടകയിലെ ക്ഷേത്ര കമ്മിറ്റികളും കച്ചവടക്കാരും

ഹലാൽ ഉൽപന്നങ്ങൾ വിറ്റ് കിട്ടുന്ന പണം ജയിലിൽ കഴിയുന്ന ഭീകരരുടെ ജാമ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക് ആരോപിച്ചു. മാർച്ച് 29 ന് ബിജെപി ദേശീയ സെക്രട്ടറിയും ചിക്കമംഗളൂരു എംഎൽഎയുമായ സി ടി രവി ഹലാൽ ഇറച്ചി വിൽപ്പന സാമ്പത്തിക ജിഹാദ് ആണെന്ന് അവകാശപ്പെട്ടു.

“മുസ്ലിംകൾ അവരുടെ സമുദായത്തിൽ നിന്ന് മാംസം വാങ്ങുന്നു, ഹലാൽ അവർക്ക് ഒരു സർട്ടിഫിക്കേഷനാണ്. ഉൽപന്നങ്ങൾ മുസ്ലീങ്ങളിൽ നിന്ന് മാത്രം വാങ്ങണം എന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. മുസ്ലീങ്ങൾ ഹിന്ദുക്കളിൽ നിന്ന് മാംസം വാങ്ങാൻ വിസമ്മതിക്കുന്നുവെങ്കിൽ, ഹിന്ദുക്കളിൽ നിന്ന് മാത്രമേ മാംസം വാങ്ങാവൂ എന്ന് പറയുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നതെന്താണ്?” മുൻ സംസ്ഥാന മന്ത്രി രവി പറഞ്ഞു.

ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന കന്നഡ പുതുവത്സര ഉത്സവമായ ഉഗാദിക്ക് മുന്നോടിയായാണ് ഹലാൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ വരുന്നത്. അതിന്റെ പിറ്റേന്ന് “വർഷദോഡകു” എന്ന് വിളിക്കപ്പെടുന്ന ദിവസം നിരവധി ഹിന്ദുക്കൾ മാംസം കഴിക്കുന്നു. ഈ ദിവസം തങ്ങളുടെ വിൽപന ഉയരുമെന്നും രണ്ടുലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടാകുമെന്നും ഇറച്ചി വ്യാപാരികൾ പറയുന്നു.

ഹലാൽ മാംസം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ക്രമസമാധാന നിലയെ ബാധിച്ചില്ലെങ്കിൽ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ പറഞ്ഞു. ഹലാൽ മാംസത്തിനെതിരായ “ഗുരുതരമായ എതിർപ്പുകൾ” പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു.

“ഞങ്ങൾക്ക് ഇത് പൂർണ്ണമായും പഠിക്കേണ്ടതുണ്ട്, കാരണം ഇതിന് ഒരു നിയമവുമായും ബന്ധമില്ല. പണ്ടുമുതലേ നടന്നുവരുന്ന ഒരു ആചാരമാണത്. ഇപ്പോൾ ഇതിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും സംസ്ഥാനത്ത് ക്രമസമാധാന നില തകിടം മറിഞ്ഞു. വിവിധ സംഘടനകൾ അവരുടെ കാമ്പെയ്‌നുകൾ നടത്തും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും ഞങ്ങൾക്കറിയാം. ആവശ്യമുള്ളിടത്ത് ഞങ്ങൾ പ്രതികരിക്കും. ആവശ്യമില്ലാത്തപ്പോൾ ഞങ്ങൾ (പ്രതികരിക്കില്ല),” മുഖ്യമന്ത്രി പറഞ്ഞു.

“ഹലാൽ ഭക്ഷണം ബഹിഷ്‌കരിക്കുക” എന്ന പ്രചാരണം ക്രമസമാധാനത്തിന്റെ പരിധിയിൽ വരാത്തതും സമുദായങ്ങളുടെ വിശ്വാസത്തിന്റെയും വികാരങ്ങളുടെയും കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സർക്കാരിന് പരിമിതമായേ ഇടപെടാനാവൂ എന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവകാശപ്പെട്ടു. ക്രമസമാധാന നില തകരാറിലായാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ജ്ഞാനേന്ദ്ര വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

എന്നിരുന്നാലും, ഹിന്ദു വലതുപക്ഷ പ്രചാരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് കശാപ്പുകാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധി പറഞ്ഞു. “കുറച്ച് വ്യക്തികൾ നടത്തുന്ന ഈ വ്യാജപ്രചാരണത്തെക്കുറിച്ച് ഞങ്ങൾക്ക് വിഷമമില്ല. എന്തൊക്കെ ആയാലും ഏതൊരു വ്യക്തിയും നല്ലതും ആരോഗ്യകരവുമായ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും ല്ലതും ആരോഗ്യകരവുമായ മാംസം നൽകിയാൽ, ഉപഭോക്താക്കൾ അവരുടെ അടുത്തേക്ക് പോകും, ”കശാപ്പുകാരെ പ്രതിനിധീകരിക്കുന്ന കർണാടകയിലെ ഓൾ ഇന്ത്യ ജമൈത്തുൽ ഖുറേഷിയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുർ റഹ്മാൻ ഖുറേഷി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hijab temple bans halal boycott campaign karnataka