/indian-express-malayalam/media/media_files/uploads/2020/04/covid-corona-1-1.jpg)
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ.പോൾ. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ലോക്ക്ഡൗണ്‍ കാലാവധി കുറയ്ക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണ്. ഇത് ഒരു പരിധിവരെ സംഭവിക്കുകയും ചെയ്യും. ജീവിതം സാധാരണ നിലയിലാകുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.
Read More: ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടന
"വീണ്ടും വൈറസ് വ്യാപിക്കുന്നത് ഇതുവരെ നാം നടത്തിയ കൂട്ടായ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കും. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ക്ഡൗണ്‍കൊണ്ട് നാം കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താനാകില്ല. വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതൽ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം." മേയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ എടുത്തുമാറ്റാവൂ എന്നും അദ്ദേഹം പറഞ്ഞു.
എയിംസിലെ പീഡിയാട്രിക്സ് മുൻ പ്രൊഫസറായ ഡോ.പോൾ, ഗവൺമെന്റിന്റെ കോവിഡ് മാനേജ്മെന്റ് പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഏറ്റവും പ്രധാനപ്പെട്ട ആളാണ്. നീതി ആയോഗിലെ സ്ഥാനത്തിനുപുറമെ, മെഡിക്കൽ എമർജൻസി മാനേജ്‌മെന്റ് പ്ലാനിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച എംപവേർഡ് ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ് ഇദ്ദേഹം.
"സമീപഭാവിയിൽ ഒരു തദ്ദേശീയ വാക്സിൻ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എംപവേർഡ് ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കുന്നു. വാക്സിൻ വികസനത്തിലും നിർമ്മാണത്തിലും ആഗോള കേന്ദ്രമാകാനുള്ള ഒരു അവസരവും ഇന്ത്യ നഷ്ടപ്പെടുത്തുകയില്ല,” ഡോ.പോൾ പറഞ്ഞു.
വിവിധ ചികിത്സാ രീതികളെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്കായുള്ള ഒരു വേദിയായി ഐസിഎംആർ ഒരു ക്ലിനിക്കൽ ഗവേഷണ ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ബുധനാഴ്ചയോടെ 19,984 ആയി ഉയർന്നു. രോഗം ബാധിച്ച് 640 പേരാണ് ഇതുവരെ മരിച്ചത്. ചൊവ്വാഴ്ച മാത്രം വിവിധ സംസ്ഥാനങ്ങളിലായി 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ മരണ സംഖ്യ രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയായിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (5,218). ഗുജറാത്ത് (2,178), ഡൽഹി (2,156).
Read in English: June, July will test resolve: Top official in Covid battle
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.