scorecardresearch

കശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജർ വെടിയേറ്റ് മരിച്ചു

ജമ്മുവില്‍നിന്നുള്ള അധ്യാപിക ചൊവ്വാഴ്ച കുല്‍ഗാമിലെ ഗോപാല്‍പോറ ഗ്രാമത്തിലെ സ്‌കൂളിനു പുറത്ത് വെടിയേറ്റു മരിച്ചിരുന്നു

ജമ്മുവില്‍നിന്നുള്ള അധ്യാപിക ചൊവ്വാഴ്ച കുല്‍ഗാമിലെ ഗോപാല്‍പോറ ഗ്രാമത്തിലെ സ്‌കൂളിനു പുറത്ത് വെടിയേറ്റു മരിച്ചിരുന്നു

author-image
WebDesk
New Update
Jammu Kashmir, Terrorist attack, Bank employee shot dead

ഫയൽ ചിത്രം

ശ്രീനഗര്‍: പ്രദേശത്തുകാരല്ലാത്ത ജീവനക്കാര്‍ക്കു നേരെ കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിൽനിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ ഒരു മാസത്തിനിടെയുണ്ടായ നാലാമത്തെ കൊലപാതകമാണിത്.

Advertisment

കുല്‍ഗാമിലെ അരേ മോഹന്‍പോറ ഗ്രാമത്തിലെ എല്ലാടഖ്വി ദേഹതി ബാങ്ക് (ഇഡിബി) മാനേജരായിരുന്നു വിജയ്കുമാര്‍. വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ, ഉത്തരവാദികളെ കണ്ടെത്താന്‍ ജമ്മുകശ്മീര്‍ പൊലീസും കരസേനയും അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ സംയുക്ത സംഘം പ്രദേശം വളഞ്ഞു.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലെ നോഹര്‍ തഹസിലിലെ ഭഗവാന്‍ ഗ്രാമത്തില്‍നിന്നുള്ളയാളാണ് ഇരുപത്തിയേഴുകാരനായ വിജയ് കുമാര്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മോഹന്‍പോറ ഗ്രാമത്തിലെ ബാങ്ക് ശാഖയില്‍ ജോലിക്കെത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നാല് വര്‍ഷം മുന്‍പാണു കശ്മീരിലെത്തിയത്.

വിജയ് കുമാറിന്റെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കാനും കുടുംബത്തിനു ധൈര്യം നല്‍കാനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

Advertisment

Also Read: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

''കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. കശ്മീരിലെ പൗരന്മാരുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം, നമ്മുടെ പൗരന്മാരെ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നത് വച്ചുപൊറുപ്പിക്കാനാവില്ല,'' മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ താഴ്വരയില്‍ പ്രദേശത്തുകാരല്ലാത്ത ജീവനക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ പെട്ടെന്ന് കുതിച്ചുചാട്ടമുണ്ടായിരിക്കുകയാണ്. മേയ് 12 ന് കശ്മീരി ഹിന്ദു ജീവനക്കാരന്‍ രാഹുല്‍ ഭട്ട് ബുദ്ഗാമിലെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മറ്റു രണ്ടു പേരും ചൊവ്വാഴ്ച ജമ്മുവില്‍നിന്നുള്ള അധ്യാപികയും വെടിയേറ്റു മരിച്ചിരുന്നു.

കുല്‍ഗാമില്‍ തുടര്‍ച്ചയായി നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് വിജയ് കുമാറിന്റേറത്. കുല്‍ഗാമിലെ ഗോപാല്‍പോറ ഗ്രാമത്തിലെ സ്‌കൂളിനു പുറത്താണ് അധ്യാപിക കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിനു പുറത്തുനിന്നുള്ളതും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുമായ ജീവനക്കാര്‍ക്കു സുരക്ഷ ശക്തമാക്കിയെങ്കിലും അത് ഫലപ്രദമാവുന്നില്ലെന്നാണു വിജയ് കുമാറിന്റെ കൊലപാതകം വ്യക്തമാക്കുന്നത്.

കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രിയുടെ പാക്കേജിനുകീഴില്‍ നിയമിക്കപ്പെട്ടതും താഴ്വരയില്‍ നിയോഗിക്കപ്പെട്ടതുമായ കശ്മീരി ഹിന്ദു ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. കശ്മീരില്‍നിന്ന് തങ്ങളെ മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

കശ്മീരിലെ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ വേണമെന്നാണു പുതിയ സംഭവം ആവശ്യപ്പെടുന്നതെന്ന് ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യ വക്താവ് രവീന്ദര്‍ ശര്‍മ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Terrorist Attack Jammu Kashmir Shot Dead

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: