കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിൻ്റ അറസ്റ്റ് വിലക്ക് ഹൈക്കോടതി നീട്ടി. ഏഴാം തിയതി വരെ പ്രതിയെ അറ്റസ്റ്റ് ചെയ്യരുതെന് കോടതി നിർദേശിച്ചു. ഉപാധികളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം നീട്ടിയത്. കേസ് ഏഴാം തീയതി വീണ്ടും പരിഗണിക്കും.
ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്ന് വിജയ് ബാബു അറിയിച്ചു.
ഇന്ന് വരെയാണ് വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയിരുന്നത്. ഇന്നലെ രാവിലെ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയ വിജയ് ബാബും എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നു.
ഇന്നലെ ഏകദേശം ഒൻപത് മണിക്കൂറിലധികം വിജയ് ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്കാരി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്തു വരികയാണ്.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
Also Read: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്