/indian-express-malayalam/media/media_files/uploads/2021/02/kashmir-internet-1200-1.jpg)
ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും 4ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. 18 മാസത്തെ നിരോധനത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ 4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഭരണ പ്രദേശത്തിന്റെ വൈദ്യുതി, വാർത്താ വിതരണ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു. “4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മുഴുവൻ ജമ്മു കശ്മീരിലും പുനഃസ്ഥാപിക്കപ്പെടുകയാണ്,” കൻസൽ ട്വീറ്റിൽ പറഞ്ഞു.
4G mobile internet services being restored in entire J&K @diprjk
— Rohit Kansal (@kansalrohit69) February 5, 2021
4ജി ഡാറ്റ പുനസ്ഥാപിച്ചതിനെക്കുറിച്ച് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ ട്വീറ്റ് ചെയ്തിട്ടുണ്ട്. “4 ജി മുബാറക്! 2019 ഓഗസ്റ്റിനുശേഷം ആദ്യമായി ജമ്മു കശ്മീരിൽ എല്ലായിടത്തും 4 ജി മൊബൈൽ ഡാറ്റ ലഭ്യമാവുന്നു. ഒരിക്കലും ലഭിക്കാത്തതിലും ഭേദമാണ് വൈകിയെങ്കിലും ലഭിക്കുന്നത്,” ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
4G Mubarak! For the first time since Aug 2019 all of J&K will have 4G mobile data. Better late than never.
— Omar Abdullah (@OmarAbdullah) February 5, 2021
മുൻ ജമ്മുകശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്താണ് മേഖലയിലെ 4ജി ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. 2019 ഓഗസ്റ്റ് 5നാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. തുടർന്ന് സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പുനർ നിർണയിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ 20 ജില്ലകളിൽ രണ്ടിടത്ത് മാത്രമേ 4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പിന്നീട് പുനസ്ഥാപിച്ചിരുന്നുള്ളൂ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് ജമ്മുവിലെ ഉദാംപൂരിലും കശ്മീരിലെ ഗന്ദേർബാലിലുമാണ് “പരീക്ഷണാടിസ്ഥാനത്തിൽ” ഈ സേവനങ്ങൾ പുനസ്ഥാപിച്ചത്.
Read More: കാർഷിക നിയമത്തിനെതിരായ പ്രതിഷേധം; ദേശവ്യാപക ചക്ര സ്തംഭന സമരവുമായി കർഷകർ
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അടുത്തിടെ ജമ്മു കശ്മീരിലെ ഡാറ്റാ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു. 4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചാൽ കേന്ദ്രഭരണ പ്രദേശത്ത് വലിയ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ സാധ്യതയില്ലെന്ന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
“ഇന്ന് രാവിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഒരു യോഗം ചേർന്നു. പ്രാദേശിക ഭരണകൂടത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനവുമാനവുമായി മുന്നോട്ട് പോയി,” സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: ഒരു പ്രത്യേക സംസ്ഥാനത്തുള്ള കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു: മന്ത്രി നരേന്ദ്രസിങ് തോമർ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് 2019 ഓഗസ്റ്റ് 4 ന് ജമ്മു കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഘട്ടംഘട്ടമായി പുനസ്ഥാപിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം സർക്കാർ കൈക്കൊണ്ടിരുന്നു. ആദ്യഘട്ടത്തിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ, തുടർന്ന് ഗന്ദേേർബാലിലെയും ഉദംപൂരിലെയും 4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ എന്നിങ്ങനെയാണ് പുനസ്ഥാപിച്ചത്. കേന്ദ്രഭരണ പ്രദേശത്തെ മറ്റിടങ്ങളിൽ ആളുകൾക്ക് മൊബൈലിൽ 2 ജി ഇന്റർനെറ്റ് സേവനങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.