ന്യൂഡൽഹി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെ വിഷയത്തിൽ പുതിയ പ്രതികരണവുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. “കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്” എന്നും “ഒരു പ്രത്യേക സംസ്ഥാനത്തെ ആളുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്” എന്നും മന്ത്രി പറഞ്ഞു.

“കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും ജിഡിപിയിൽ കാർഷിക രംഗത്തുനിന്നുള്ള സംഭാവന അതിവേഗം വർധിക്കുന്നതിനും വേണ്ടിയാണ് ഞങ്ങളുടെ ശ്രമങ്ങൾ. ഈ കാർഷിക നിയമങ്ങൾ ആ ദിശയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ഘട്ടമാണ്. കർഷകരുടെ ക്ഷേമത്തിനായി ഞാൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയോടും കർഷകരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” തോമർ പാർലമെന്റിൽ പറഞ്ഞു.

Read More: ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾ ക്യാപിറ്റോൾ ഹിൽ സംഭവത്തിന് സമാനമായ വികാരങ്ങളുയർത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

കാർഷിക നിയമങ്ങളിലെ എന്തെങ്കിലും തെറ്റ് ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും തോമർ പറഞ്ഞു. “ഈ നിയമങ്ങൾ നടപ്പിലാക്കിയാൽ മറ്റുള്ളവർ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുമെന്ന് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കർഷകരുടെ ഭൂമി തട്ടിയെടുക്കാൻ വ്യാപാരികളെ സഹായിക്കുന്ന ഏതെങ്കിലും വ്യവസ്ഥ കരാർ ഉണ്ടെങ്കിൽ അത് കാണിക്കൂ,” തോമർ പറഞ്ഞു.

“നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയാറാണെന്നതിന്, കാർഷിക നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അർത്ഥമില്ലെന്നും ഞാൻ വ്യക്തമാക്കുകയാണ്. ഒരു പ്രത്യേക സംസ്ഥാനത്തെ ജനങ്ങൾ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണ്,” മന്ത്രി പറഞ്ഞു. മൂന്ന് നിയമങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ കർഷക യൂണിയനുകൾക്കും പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: രാജ്യത്തിന്റെ ഐക്യത്തിനാണ് മുൻഗണന: പ്രധാനമന്ത്രി

കുറഞ്ഞ താങ്ങുവില അടിസ്ഥാനമാക്കിയുള്ള മണ്ഡി സമ്പ്രദായം തുടരുന്നതിലൂടെ കർഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. മണ്ഡികൾക്ക് പുറത്ത് വിളകൾ വിൽക്കാനുള്ള ഒരു ബദൽ നൽകുകയാണെന്നും സംസ്ഥാന സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി അത്തരം വിൽപനകേന്ദ്രങ്ങളിൽ നിന്ന് ഒരു നികുതിയും ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“മണ്ഡികളിൽ വിൽക്കുമ്പോൾ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതിക്ക് എതിരെയായിരുന്നു സമരമുണ്ടാവേണ്ടിയിരുന്നത്, എന്നാൽ വിചിത്രമായി പ്രതിഷേധം അത്തരം നികുതികളിൽനിന്ന് ഈ സമ്പ്രദായത്തെ സ്വതന്ത്രമാക്കുന്നതിനെതിരെയാണ്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook