/indian-express-malayalam/media/media_files/uploads/2019/08/priyanka-gandhi.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയിലിപ്പോഴും ജനാധിപത്യമുണ്ടോയെന്ന് അവര്‍ ചോദിച്ചു.
"ജമ്മു കശ്മീരില്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാരെ യാതൊരു കുറ്റവും ചുമത്താതെ തടങ്കലാക്കിയിട്ടും ദശലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയിട്ടും ആറുമാസമായിരിക്കുന്നു. ഇത് എത്രകാലം നീളുമെന്ന് ആറുമാസം മുന്‍പ് നാം ചോദിച്ചിരുന്നു. ഇപ്പോള്‍ നാം ചോദിക്കുന്നതു നമുക്ക് ഇപ്പോഴും ഒരു ജനാധിപത്യമുണ്ടോ ഇല്ലയോ എന്നാണ്,"പ്രിയങ്ക ഗാന്ധി ഇന്നു രാവിലെ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയിലെ ആർട്ടിക്കിൾ 370 നിയമം കേന്ദ്രം റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് കശ്മീരിലെ രാഷ്ട്രീയക്കാർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങിയവർ വീട്ടു തടങ്കലിലാണ്. ചില പ്രാദേശിക രാഷ്ട്രീയക്കാരെ മോചിപ്പിച്ചപ്പോൾ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവവർ ഇപ്പോഴും തടങ്കലിലാണ്. ജനുവരി 15 ന് ഒമർ അബ്ദുല്ലയെ ഹരി നിവാസിൽ നിന്ന് ഔദ്യോഗിക വസതിക്ക് സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റി.
കഴിഞ്ഞ മാസം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടേതെന്ന് പറയപ്പെടുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താടിവളർത്തി കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിലുള്ള ഒരു ചിത്രമായിരുന്നു. ഇത് കണ്ട് മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കാൾ ഒമർ അബ്ദല്ലയെ കണ്ടിട്ട് മനസിലായില്ലെന്ന് പറയുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം നിരവധി ബിജെപി നേതാക്കൾ ഒമർ അബ്ദുല്ലയെ പരിഹസിച്ചിരുന്നു. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 മാത്രമാണ് എടുത്തു കളഞ്ഞതെന്നും ഷേവ് ചെയ്യുന്നതിന് അനുമതി നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു പരിഹാസം. ബിജെപിയുടെ തമിഴ്നാട് യൂണിറ്റ് ഒമറിന് ആമസോണിൽ ഷേവിങ് സെറ്റ് ഓർഡർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.