/indian-express-malayalam/media/media_files/uploads/2019/08/Chidambaram.jpg)
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ കോടതി കാലാവധി ഇന്ന് അവസാനിക്കും. ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്‍റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ സെപ്റ്റംബർ അഞ്ചിനാണ് സുപ്രീം കോടതി വിധി പറയുന്നത്. അതുകൊണ്ട് തന്നെ ഇനി അറസ്റ്റ് ഉണ്ടാകില്ല. എന്നാൽ കസ്റ്റഡി കാലാവധി നീട്ടണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും.
കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ കോടതി കഴിഞ്ഞ ദിവസമാണ് നീട്ടിയത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി തീരുമാനം. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ഡൽഹി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
Also Read: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
പി.ചിദംബരത്തിന് അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ന്യൂഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.