/indian-express-malayalam/media/media_files/uploads/2022/12/indo-china-clash-at-border-defence-minister-rajnath-singh-updates-730484.jpg)
ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. നിയന്ത്രണ രേഖ മറികടന്ന് അതിര്‍ത്തിയിലെ സാഹചര്യം മാറ്റിമറിക്കാനുള്ള ശ്രമം ചൈനയുടെ ഭാഗത്തു നിന്നുണ്ടായെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായി. അതിര്‍ത്തിയുടെ സംരക്ഷണത്തിനായി സൈന്യം സജ്ജമാണ്. ഏറ്റുമുട്ടലില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല, ഇരുവിഭഗത്തുമുള്ള സൈനികര്‍ പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈനികരുടെ പരുക്ക് ഗുരുതരമല്ല, രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കിയേക്കും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ ഒൻപതിനാണ് തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുഭാഗത്തയും ഏതാനും സൈനികര്‍ക്കു നിസാര പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിശ്ചയദാര്‍ഢ്യത്തോടെ ചൈനീസ് സൈനികരെ നേരിട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കിഴക്കന്‍ തവാങ്ങിലെ യാങ്സി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണു വിവരം. ഇരുവശത്തും ഗുരുതരമായ പരുക്കുകളുണ്ടോയെന്നു വ്യക്തമല്ലെങ്കിലും ‘ഉന്തിനും തള്ളിനും അപ്പുറമുള്ള’ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണഉ ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.
മേഖലയില്‍ 2016 ജൂണില്‍ സമാനമായ അതിര്‍ത്തി ലംഘനം നടന്നിരുന്നു. ഏകദേശം 250 ചൈനീസ് സൈനികര്‍ അന്നു പ്രദേശത്ത് അതിക്രമിച്ചുകയറിയെങ്കിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പര്‍വതനിരകളുള്ള യാങ്സി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആധിപത്യമുണ്ടെന്നു വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് വശം വലിയതോതിൽ ഇന്ത്യന്‍ സൈനികരുടെ നിരീക്ഷണത്തിലാണ്. മലമുകളിലേക്കുള്ള ചൈനീസ് നീക്കങ്ങള്‍ ഇന്ത്യന്‍ സ്ഥലങ്ങളില്‍നിന്ന് വളരെ വ്യക്തമായി ദൃശ്യമാവും.
2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികരും കുറഞ്ഞത് നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ വര്‍ഷം സെപ്റ്റംബറില്‍, കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട്‌സ്പ്രിങ് മേഖലയിലെ പട്രോളിങ് പില്ലർ പതിനഞ്ചിൽനിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിന്തിരിഞ്ഞിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഈ പ്രദേശത്ത് ഇരു സേനകളും ഏറ്റുമുട്ടല്‍ നിലയിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.