മുംബൈ: നിര്‍ഭയ ഫണ്ടില്‍ നിന്ന് വാങ്ങിയതിന് ശേഷം എംപിമാരുടേയും എംഎല്‍എമാരുടേയും അകമ്പടിക്കായി ഉപയോഗിച്ചിരുന്ന ബൊലേറോ വാഹനങ്ങളില്‍ പലതും പൊലീസ് സ്റ്റേഷനിലേക്ക് തിരികെ നല്കി.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങള്‍ മഹാരാഷ്ട്രി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലുള്ള എംഎല്‍എമാരുടേയും എംപിമാരുടേയും അകമ്പടിക്കായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വാഹനങ്ങള്‍ തിരികെ നല്‍കിയത്.
മുംബൈ പൊലീസിന്റെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഗാരേജിലുണ്ടായിരുന്ന പല വാഹനങ്ങളും തിങ്കളാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചത്. ശിവാജി നഗര്‍, ഖാത്കോപര്, മുളുണ്ട് എന്നീ സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ നല്‍കിയത്.
ഷിന്‍ഡെ വിഭാഗത്തിലുള്ള നേതാക്കന്മാരും സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എല്ലാം വരും ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് തിരികെ നല്‍കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്ന വിവരം.
ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെ തന്നെ വാഹനങ്ങള്‍ തിരികെ നല്‍കാനുള്ള നടപടിയുണ്ടായതായാണ് അറിയാന്‍ കഴിയുന്നത്. ദി ഇന്ത്യന്‍ എക്സ്പ്രസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ കുറഞ്ഞത് 10 ബൊലേറോകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ഒന്നില്‍ എസ്കോര്‍ട്ട് ഡ്യൂട്ടിയെന്ന് എഴുതിയ പ്ലക്കാര്ഡുമുണ്ടായിരുന്നു.
കഴിഞ്ഞ ജൂണിലാണ് നിര്‍ഭയ ഫണ്ടില്‍ നിന്ന് 30 കോടി രൂപ ചിലവഴിച്ച് 220 ബൊലേറൊ, 35 എര്‍ട്ടിഗ, 313 പള്‍സര്‍, 200 ആക്ടിവ എന്നിവയാണ് മുംബൈ പൊലീസ് വാങ്ങിയത്. ജൂലൈയോടെ വാഹനങ്ങളെല്ലാം പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾക്ക് പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2013-ലാണ് കേന്ദ്രം നിര്‍ഭയ ഫണ്ട് ആരംഭിച്ചത്.
എന്നാൽ, മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേന വിഭാഗത്തിലുള്ള 40 എംഎൽഎമാർക്കും 12 എംപിമാർക്കും “വൈ പ്ലസ് വിത്ത് എസ്കോർട്ട്” സുരക്ഷ ഏർപ്പെടുത്തിയതോടെ ജൂലൈയിൽ 47 ബൊലേറോകളാണ് ഇതിനായി എത്തിച്ചത്. വിഐപി സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു നടപടി. 47 ബൊലേറോകളിൽ 17 എണ്ണം തിരികെ നല്‍കിയിട്ടുണ്ട്, 30 എണ്ണം ഇനിയും ബാക്കിയാണ്.