/indian-express-malayalam/media/media_files/uploads/2021/08/KER.jpg)
തിരുവനന്തപുരം: "കഴിഞ്ഞ നാല് ദിവസമായി അഫ്ഗാന്‍ സുഹൃത്ത് നല്‍കിയ റൂമിലാണ് താമസിക്കുന്നത്. ഇന്നലെ രാത്രിയിലും പുറത്ത് നിന്ന് താലിബാന്‍ സൈന്യത്തിന്റെ വെടിയൊച്ചകള്‍ കേട്ടു. പുറത്തേക്ക് ഇറങ്ങാന്‍ ഭയമാണ്. സഹായത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്," താലിബാന്‍ ഭരണത്തിന് കീഴിലായ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍ പറഞ്ഞു.
താലിബാന്‍ നിയന്ത്രണത്തിലായ കാബൂളില്‍ നിന്ന് രക്ഷപെടാനാകുമെന്ന പ്രതീക്ഷയില്‍ ഓരോ മണിക്കൂറുകളും തള്ളി നീക്കുന്ന ഒരുപാട് ഇന്ത്യക്കാരിലും, സ്ത്രീകളിലും, കുട്ടികളിലും ഉള്‍പ്പെടുന്ന ഒരാളുടെ പ്രതികരണമാണിത്.
"കാബൂളിന്റെയും രാജ്യത്തിന്റേയും പല ഭാഗത്തായാണ് ഞങ്ങളുള്ളത്. ഇന്ത്യയിലേക്ക് ഒരുപാട് തവണ ബന്ധപ്പെട്ടു. പക്ഷെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. ഭാഗ്യവശാല്‍ ഞങ്ങളെല്ലാം സുരക്ഷിതരാണ്. ഒന്നും നിയന്ത്രണാധീതമാവുകയില്ലെന്ന് പരസ്പരം സമാധാനിപ്പിക്കുകയാണ്. എല്ലാവരും ഇന്ത്യയില്‍ നിന്ന് സഹായം എപ്പോള്‍ വരുമെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു," സുരക്ഷാ പ്രശ്നങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ പൗരന്‍ പറഞ്ഞു.
"താലിബാനെ ഭയന്ന് വിവിധ കെട്ടിടങ്ങളിലും ഹോട്ടലുകളിലും ഒളിച്ചിരിക്കുകയാണ് ഞങ്ങള്‍. ഒളിച്ചോടാന്‍ ഇനി താവളങ്ങള്‍ ഇല്ല. താലിബാന്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. അതിജീവിക്കുന്നത് അഫ്ഗാനിലെ ജനങ്ങളുടെ കാരുണ്യം കൊണ്ട് മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"കൃത്യമായി എത്ര ഇന്ത്യക്കാര്‍ ഇവിടെ കുടുങ്ങി കിടപ്പുണ്ട് എന്നതില്‍ വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനായി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ ഗ്രൂപ്പില്‍ 400 അംഗങ്ങളാണുള്ളത്. കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ സാവധാനമേ ലഭിക്കൂ," ഇന്ത്യന്‍ പൗരന്‍ അറിയിച്ചു.
അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗം വിദേശികളും അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളിലെ ജോലിക്കാരാണെന്ന് മറ്റൊരു ഇന്ത്യന്‍ സ്വദേശി പറഞ്ഞു. "പലരും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതാണ്. ചില ഇന്ത്യക്കാര്‍ അഫ്ഗാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് കുടുംബമായാണ് കഴിയുന്നത്. എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്ത് കടക്കുക എന്നതാണ് ലക്ഷ്യം. എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തയാറാണ് പലരും. താലിബാന്റെ ഭരണ തീരുമാനങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഇങ്ങോട്ടേക്കുളള മടക്കത്തെക്കുറിച്ച് ചിന്തിക്കൂ," അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ നിശബ്ദരായിരിക്കണം. ആരെയും ഉപദ്രവിക്കില്ല എന്ന താലിബാന്റെ പ്രഖ്യാപനത്തെ വിശ്വസിക്കാന്‍ കഴിയില്ല. താലിബാന്‍ സൈന്യത്തിലെ ഒരാളുടെ തീരുമാനം മതി ഭാവി തന്നെ ഇല്ലാതെയാകാനെന്നും അദ്ദേഹം പ്രതികരിച്ചു.
കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ ഇന്നലെ കേന്ദ്രത്തിന്റെ ഇടപെടൽ തേടിയിരുന്നു. കാബൂളിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കാനാണ് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പ്രവാസി കേരളീയകാര്യ വകുപ്പ് (നോർക്ക), മലയാളികളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തി(എംഇഎ)ന് കത്തയച്ചു.
Also Read: കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ഇടപെടൽ വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us