scorecardresearch
Latest News

കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ഇടപെടൽ വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചറിയൽ രേഖകൾ താലിബാൻ പരിശോധിക്കുകയും പാസ്‌പോർട്ടുകളും മറ്റ് പ്രധാന രേഖകളും വാങ്ങിവെക്കുന്നുതായും ചില സന്ദേശങ്ങൾ ലഭിച്ചതായി കത്തിൽ പറയുന്നു

കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ഇടപെടൽ വേണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ കേന്ദ്രത്തിന്റെ ഇടപെടൽ തേടി. കാബൂളിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കാനാണ് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പ്രവാസി കേരളീയകാര്യ വകുപ്പ് (നോർക്ക), മലയാളികളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തി(എംഇഎ)ന് കത്തയച്ചു.

കാബൂളിലെ സ്വകാര്യ സ്ഥാപനങ്ങളുമായോ അന്താരാഷ്ട്ര സംഘടനകളുടെ പ്രാദേശിക ഓഫീസുകളുമായോ ബന്ധപ്പെട്ട് ജോലിചെയ്യുന്നവരാണ് കുടുങ്ങിയിരിക്കുന്നതെന്ന് നോർക്ക വൃത്തങ്ങൾ അറിയിച്ചു.

“കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ നിന്ന് നോർക്ക ഡിപ്പാർട്ട്‌മെന്റിന് ധാരാളം കോളുകൾ ലഭിക്കുന്നു. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കം 41 മലയാളികൾ ഇന്ത്യയിലേക്ക് സുരക്ഷിതമായി വരുന്നതിനുള്ള ക്രമീകരിക്കരണമൊരുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു” നോർക്ക വിദേശകാര്യ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചറിയൽ രേഖകൾ താലിബാൻ പരിശോധിക്കുകയും പാസ്‌പോർട്ടുകളും മറ്റ് പ്രധാന രേഖകളും വാങ്ങിവെക്കുന്നുതായും ചില സന്ദേശങ്ങൾ ലഭിച്ചതായി കത്തിൽ പറയുന്നു.

Also read: ‘അറിയില്ല, എന്റെ സഹോദരിക്ക് എന്ത് സംഭവിക്കുമെന്ന്,’ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ അഫ്ഗാൻ വിദ്യാർത്ഥി

ഇന്ന് രാവിലെ, ഇന്ത്യ കാബൂളിലെ മുഴുവൻ എംബസിയും ഒഴിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഐഎഎഫ് വിമാനത്തിൽ 130 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെയും 20 ഇന്ത്യൻ പൗരന്മാരെയും ജാംനഗർ എയർബേസിൽ എത്തിച്ചിരുന്നു.

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയാണെന്നും “അഫ്ഗാൻ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്” എന്നും വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞിരുന്നു.

“അഫ്ഗാനിസ്ഥാനിലെ മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും. അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്താൻ ആഗ്രഹിക്കുന്ന കുറച്ചുപേർ ഇപ്പോഴും ഉണ്ടെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ അവരുമായി ബന്ധപ്പെടുന്നുണ്ട് … അഫ്ഗാനിസ്ഥാനിൽ നിന്നും വരാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഞങ്ങൾ സൗകര്യമൊരുക്കും,” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala seeks mea help keralites stranded kabul evacuation