/indian-express-malayalam/media/media_files/uploads/2020/12/Covid-Airport.jpg)
ന്യൂഡല്‍ഹി: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ചു. ആറുപേരിലാണു പുതിയ കൊറോണ വൈറസ് കണ്ടെത്തിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബെംഗളുരു സ്വദേശികളായ മൂന്നു പേര്‍, ഹൈദരാബാദില്‍നിന്നുള്ള രണ്ടുപേര്‍, ഒരു പൂനെ സ്വദേശി എന്നിവരിലാണു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇവരെല്ലാം ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയവരാണ്. ബിട്ടനിലാണ് ആദ്യമായി ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കണ്ടൈത്തിയത്. പുതിയ വകഭേദം നിലവിലുള്ള കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധികം പകരാന്‍ ശേഷിയുള്ളതാണ്.
''ആറു പേരെയും അതതു സംസ്ഥാനങ്ങളില്‍ തനിച്ചുള്ള ഐസൊലേഷനിലേക്കു മാറ്റി. ഇവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലേക്കും മാറ്റി. ഒപ്പം യാത്ര ചെയ്തവര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ സമഗ്ര സമ്പര്‍ക്കം കണ്ടെത്തല്‍ ആരംഭിച്ചു. ജീനോം സീക്വന്‍സിങ് ഉള്‍പ്പെടെയുള്ളവയും നടക്കുന്നുണ്ട്,'' ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിജാഗ്രത, കണ്ടെയ്ന്‍മെന്റ്, ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജിനോമിക്‌സ് (ഐ.എന്‍.എസ്.എ.സി.ഒ.ജി.) കണ്‍സോര്‍ഷ്യം ലാബുകളിലേക്കു സാമ്പിളുകള്‍ അയ്ക്കല്‍, പരിശോധന എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു നിരന്തരം നിര്‍ദേശം നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Also Read: രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 പേരാണ് ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിയത്. ''ഇതുവരെ 114 പേര്‍ മാത്രമാണ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ഈ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി 10 ഐ.എന്‍.എസ്.എ.സി.ഒ.ജി. ലാബുകളിലേക്ക് അയച്ചിട്ടുണ്ട്,''സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ മാസം അവസാനം വരെ യുകെയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുകയും പെരുകുകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ബ്രിട്ടനെയും ഇന്ത്യയെും കൂടാതെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.