/indian-express-malayalam/media/media_files/uploads/2023/01/UPI.jpeg)
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ബിഎച്ച്‌ഐഎം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിന് 2,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് കീഴില്‍ ഈ സാമ്പത്തിക വര്‍ഷം റുപേ, യുപിഐ എന്നിവ ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കും.
ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ലക്ഷ്യത്തിന് അനുസൃതമായി സാമ്പത്തികവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റല്‍ പേയ്മെന്റിന് യുപിഐ ലൈറ്റും യുപിഐ 123 പേയും പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സുകളുടെ പ്രവര്‍ത്തനം സുഗമമാക്കിയതായും കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ സഹായിച്ചതായും സര്‍ക്കാര്‍ വിലയിരുത്തി. രാജ്യത്ത് ആകെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,554 കോടിയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8,840 കോടിയായി ഉയര്‍ന്നു. ബിഎച്ച്‌ഐഎം-യുപിഐ ഇടപാടുകള്‍ വര്‍ഷം 106 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തിലെ 2,233 കോടിയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടിയായി ഉയര്‍ന്നു.
2022-23 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ വര്‍ഷത്തെ പദ്ധതി രൂപീകരിച്ചിരിക്കുന്നത്, അതില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കുള്ള സാമ്പത്തിക സഹായം തുടരാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൂണ്ടികാട്ടി. 2021-22 സാമ്പത്തിക വര്‍ഷത്തിലും, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി ഒരു പ്രോത്സാഹന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.