/indian-express-malayalam/media/media_files/uploads/2020/04/covid-2.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. മരണ സംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു.
വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 1,65,386 പേര്‍ക്കും.
Read More: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി
ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോളാണ് കോവിഡ് കേസുകളുടെ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ആഗോളതലത്തിൽ 59 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ലോകമെമ്പാടും 3.5 ലക്ഷത്തിലധികം പേർ മരിച്ചു, എന്നാൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് ചൈനയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ 17 ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയേക്കാൾ കൂടുതൽ കേസുകൾ ഉള്ള രാജ്യങ്ങൾ ബ്രസീൽ, റഷ്യ, യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ്. തുർക്കി ഇപ്പോൾ പത്താം സ്ഥാനത്തും ചൈന 14-ാം സ്ഥാനത്തുമാണ്.
മരണസംഖ്യയിലും യുഎസ് ഒന്നാമതാണ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. യുകെ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബ്രസീൽ, ബെൽജിയം, മെക്സിക്കോ, ജർമ്മനി, ഇറാൻ എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുടെ വരവും അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും കാരണം ഈ മാസം ഇന്ത്യയിൽ കേസുകളുടെ എണ്ണം വർദ്ധിച്ചു. പല സംസ്ഥാനങ്ങളും പുറത്തുനിന്നുള്ള ആളുകളുടെ വരവ് രോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
മാർച്ച് 21 മുതൽ രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവിലുണ്ട്, ഇത് തുടക്കത്തിൽ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചിരുന്നത് എങ്കിലും, ഇതിനകം മൂന്ന് തവണ നീട്ടിയിട്ടുണ്ട്, നാലാം ഘട്ടം മെയ് 31 ന് അവസാനിക്കും.
ലോക്ക്ഡൗണ്‍ സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു. ലോക്ക്ഡൗൺ വിപുലീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരുമായും ടെലിഫോണിലൂടെ സംസാരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.