/indian-express-malayalam/media/media_files/uploads/2018/05/yeddyurappa-2.jpg)
ബെംഗളൂരു: അമിത് ഷായുടെ ഹിന്ദി ഭാഷയെ കുറിച്ചുള്ള പ്രസ്താനവയ്‌ക്കെതിരെ ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പ്രസ്താവനയാണ് ഏറ്റവും ഒടുവിലായി വിവാദ വിഷയത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. കര്‍ണാടകയില്‍ കന്നഡ സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ളതാണ് യെഡിയൂരപ്പയുടെ ട്വീറ്റ്.
ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും അദ്ദേഹം പറയുന്നു.
Read More: ഷായോ സുൽത്താനോ സാമ്രാട്ടോ ആരുമായിക്കൊള്ളട്ടെ; അമിത് ഷായ്‌ക്കെതിരെ കമൽഹാസൻ
''നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രധാന്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഞങ്ങളുടെ സംസ്ഥാനത്തിന്റെ സംസ്‌കാരവും കന്നഡയും പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'' എന്നായിരുന്നു യെഡിയൂരപ്പയുടെ ട്വീറ്റ്.
ട്വീറ്റില്‍ ഹിന്ദിയെ കുറിച്ചോ അമിത് ഷായുടെ ഒരു രാഷ്ട്രം, ഒരു ഭാഷ പരാമര്‍ശത്തേയോ യെഡിയൂരപ്പ എടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അമിത് ഷായുടെ പ്രസ്താവനയെ തള്ളുന്നത് തന്നെയാണ് യെഡിയൂരപ്പയുടെ ട്വീറ്റ്.
ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ ദക്ഷിണേന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്‌നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെല്ലാം ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.