ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ റിപ്പബ്ലിക്കായി മാറിയ സമയത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ ലംഘിക്കരുതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും, ഇന്ത്യയ്‌ക്കോ തമിഴ്നാടിനോ ഒരു ഭാഷാ യുദ്ധം ആവശ്യമില്ലെന്നും, അത് അര്‍ഹിക്കുന്നില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന നിർദേശവുമായി ജൂലൈയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‌റെ കരട് പുറത്തിറങ്ങിയ സമയത്തും വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. 2017ലെ ജെല്ലിക്കെട്ട് പ്രതിഷേധങ്ങളെക്കാള്‍ കഠിനമായി തമിഴ്‌നാട് ഇതിനെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യ റിപ്പബ്ലിക്കായ സമയത്ത് നമുക്ക് നല്‍കിയ വാഗ്‌ദാനമാണ്. ഇപ്പോള്‍ ഷായോ, സുല്‍ത്താനോ, സാമ്രാട്ടോ ആ വാഗ്‌ദാനം ലംഘിക്കരുത്. ജെല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു. നമ്മുടെ ഭാഷയ്ക്കായുള്ള പോരാട്ടം അതിലും വലുതായിരിക്കും. ഇന്ത്യയോ തമിഴ്നാടോ അത്തരമൊരു യുദ്ധം ആവശ്യപ്പെടുന്നില്ല അല്ലെങ്കില്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ എല്ലാ ഭാഷകളേയും ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങളുടെ മാതൃഭാഷ എല്ലായ്പ്പോഴും തമിഴായിരിക്കും,’ കമല്‍ഹാസന്‍ പറഞ്ഞു.

Read Also: ഹിന്ദി അടിച്ചേല്‍പ്പിക്കുകയല്ല, സാമ്പത്തിക മാന്ദ്യമാണ് ചര്‍ച്ച ചെയ്യേണ്ടത്; അമിത് ഷായോട് പാ രഞ്ജിത്ത്

‘രാജ്യത്തെ എല്ലാവരും ബംഗാളിയിലുള്ള ദേശീയ ഗാനം സന്തോഷത്തോടെ ആലപിക്കുന്നു. കാരണം ഇതെഴുതിയ കവി എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കുന്നു. അതിനാല്‍ അത് നമ്മുടെ ദേശീയഗാനമായി. അതിനാല്‍ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ അങ്ങനെ അല്ലാതാക്കരുത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഈ മണ്ടത്തരത്തിന്റെ പേരില്‍ എല്ലാവരും സഹിക്കേണ്ടി വരും,’ കമല്‍ഹാസന്‍ പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും, ഹിന്ദി ഏകീകൃത ഭാഷയായി മാറുന്നതിനെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനകള്‍ ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമായി പലരും കാണുന്നു. ഭാഷയുടെ പേരില്‍ ഒരു പുതിയ യുദ്ധഭൂമി ആരംഭിക്കുന്നതിനുള്ള സംഘപരിവറിന്റെ അടയാളങ്ങളുടെ ഭാഗമാണിതെന്നും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുകയാണെന്നുമായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഡിഎംകെ മേധാവിയും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിനും വ്യക്തമാക്കി. ”ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല,” അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സഖ്യ കക്ഷികളും തമിഴ്നാട്ടിലെ ഭരണകക്ഷിയുമായ എഐഎഡിഎംകെ, പിഎംകെ എന്നിവരും ആഭ്യന്തരമന്ത്രിയുടെ ആശയത്തെ എതിർത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook