/indian-express-malayalam/media/media_files/uploads/2022/08/Taliban.jpg)
കാബൂൾ: അഫ്ഗാനിസ്ഥാനിസ്ഥാൻ താലിബാൻ സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു വർഷം. തിങ്കളാഴ്ച അഫ്ഗാൻ തെരുവുകളിൽ, തുറന്ന പിക്ക്-അപ്പ് ട്രക്കുകളിൽ തോക്കുകൾ കയ്യിൽ പിടിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് പതാകകൾ വീശി കൊണ്ട് നൂറുകണക്കിന് താലിബാൻ പോരാളികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസിക്ക് സമീപമുള്ള അതീവ സുരക്ഷാ ഗ്രീൻ സോണിലെ ഒരു സംസ്ഥാന-മാധ്യമ ഓഡിറ്റോറിയത്തിനുള്ളിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന നേതാക്കൾ പ്രസംഗിച്ചു. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുത്ത അഫ്ഗാൻ പൗരന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ആഘോഷങ്ങളിൽ സ്ത്രീകൾ ആരും പങ്കെടുത്തിരുന്നില്ല.
പക്ഷേ, സ്ത്രീകളുടെ ഒരു ചെറിയ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കാബൂളിലെ ഒരു വീട്ടിൽ രഹസ്യമായി ഒത്തുകൂടി. താലിബാനെതിരെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പ് തുടരുമെന്ന് അവർ പ്രതിജ്ഞയെടുത്തു. താലിബാനെ സ്ത്രീവിരുദ്ധമാണെന്ന് അപലപിക്കുകയും കഴിഞ്ഞ വർഷം നടന്ന ആസൂത്രിതമായ അധികാര കൈമാറ്റത്തിന് അമേരിക്കയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി RAWA (റവല്യൂഷണറി അസോസിയേഷൻ ഓഫ് വിമൻ ഓഫ് അഫ്ഗാനിസ്ഥാൻ) എന്ന ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
“ഞങ്ങൾ അമേരിക്കയെ പരാജയപ്പെടുത്തി, ഞങ്ങളുടെ സ്വാതന്ത്ര്യം നേടി. അതാണ് ഞങ്ങൾ ഇവിടെ ആഘോഷിക്കുന്നത്,” കാബൂളിന് തെക്ക് ലഗ്മാൻ പ്രവിശ്യയിൽ നിന്നുള്ള അബ്ദുൾ ഖഹർ അഗാ ജാൻ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
താലിബാനാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നതെന്ന സന്ദേശം നൽകാനാണ് യുഎസ് എംബസിക്ക് സമീപമുള്ള മസൂദ് സർക്കിളിൽ ഒത്തുകൂടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''അധികാരത്തിൽ ഞങ്ങളാണ്. ഈ സ്ഥലം എല്ലാ അഫ്ഗാനികൾക്കും അവകാശപ്പെട്ടതാണ്. ഇവിടെ വന്ന് ഞങ്ങളോടൊപ്പം സമാധാനത്തോടെ ജീവിക്കണമെന്ന് മറ്റ് മുജാഹിദ്ദീനുകളോടും അഹമ്മദ് ഷാ മസൂദിന്റെ കുടുംബാംഗങ്ങളോടും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അഗാ ജാൻ പറഞ്ഞു.
എന്തുകൊണ്ടാണ് സ്ത്രീകളൊന്നും ആഘോഷങ്ങളിൽ പങ്കെടുക്കാത്തത് എന്ന ചോദ്യത്തിന്, "അവർക്ക് അവരുടേതായ ജോലികളുണ്ട്,'' ഒരു താലിബ് പറഞ്ഞു. "അടുത്ത വർഷം നിങ്ങൾ സ്ത്രീകളെ കാണും" എന്ന് മറ്റൊരാൾ പറഞ്ഞു.
താലിബാൻ രാജ്യത്ത് സുരക്ഷ പുനഃസ്ഥാപിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ തലവനായ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബ് പറഞ്ഞു. "കലാപം ആസൂത്രണം ചെയ്യുന്നവർ ശിക്ഷിക്കപ്പെടും, അവരുടെ പദ്ധതികൾ പരാജയപ്പെടും," അദ്ദേഹം പറഞ്ഞു. “ഈ വർഷത്തെ പ്രകടനം വിലയിരുത്തുകയും അത് മതിയോ ഇല്ലയോ എന്ന് ഞങ്ങൾ സ്വയം ചോദിക്കുകയും ചെയ്യും. രാജ്യാന്തര അംഗീകാരവും ഉപരോധവും കരിമ്പട്ടികയും പ്രശ്നമല്ല. ഈ രാജ്യത്തെ സേവിക്കാനും പുരോഗതിയിലേക്ക് ഉയർത്താനുമാണ് ഞങ്ങളുടെ ശ്രമം,” അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള അമീർ ഖാൻ മുത്താഖി പറഞ്ഞു. ''ആരുമായും പ്രശ്‌നമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അഫ്ഗാനിസ്ഥാന്റെ മണ്ണ് ആർക്കുമെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് എല്ലാ രാജ്യങ്ങളെയും ഞങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഈ ദിവസം രാജ്യത്ത് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാബൂളിലെ ഭൂരിഭാഗം നിവാസികളും പുറത്തിറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായി തോന്നി. അതിനാൽ തന്നെ ഇത് താലിബാൻ മാത്രം പങ്കെടുത്ത ആഘോഷമായി മാറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us