അഹമ്മദാബാദ്: ഗുജറാത്തിലെ കുപ്രസിദ്ധമായ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഗുജറാത്ത് സർക്കാർ അവരുടെ ശിക്ഷാ ഇളവ് നയ പ്രകാരം ഇവരെ മോചിപ്പിക്കാൻ അനുവദിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഇവരെല്ലാം ഗോധ്ര ജയിലിൽ നിന്നും പുറത്തിറങ്ങിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 2002-ലെ ഗോധ്ര സംഭവത്തിനെ തുടർന്ന് നടന്ന ക്രൂരമായ സംഭവമായിരുന്നു ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ്.
ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008 ജനുവരി 21-ന് മുംബൈയിലെ പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കോടതി പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു.
ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രതികളെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനമെടുത്തത്.
“ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒരു കമ്മിറ്റി കേസിലെ 11 കുറ്റവാളികൾക്കും അനുകൂലമായ തീരുമാനമെടുക്കുകയും ആ ശുപാർശ സംസ്ഥാന സർക്കാരിന് നൽകുകയും ചെയ്തിരുന്നു. ഇന്നലെ അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവുകൾ ഞങ്ങൾക്ക് ലഭിച്ചു, ”മായത്ര പറഞ്ഞു.
2002 മാർച്ച് മൂന്നിന് ഗോധ്ര സംഭവത്തിനുശേഷമുണ്ടായ കലാപത്തിലാണ് ദാഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കിലെ രൺധിക്പൂർ ഗ്രാമത്തിൽവച്ച് ബിൽക്കിസ് ബാനോയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. കുടുംബത്തിലെ മറ്റ് 6 അംഗങ്ങൾ ഓടി രക്ഷപ്പെട്ടു.
2004 ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്. അഹമ്മദാബാദിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ, സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ബിൽക്കീസ് ബാനോ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. കേസിൽ 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചു.
ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.