/indian-express-malayalam/media/media_files/uploads/2022/02/would-like-to-have-a-tv-debate-with-narendran-modi-says-pak-pm-imran-khan-620758-FI.jpg)
Imran-khan
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു വന്‍ തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയതും ദേശീയ അസംബ്ലി പിരിച്ചുവിട്ടതും കോടതി റദ്ദാക്കി. ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച അവിശ്വാസപ്രമേയ വോട്ടെടുപ്പ് നേരിടണം.
അവിശ്വാസപ്രമേയം വോട്ടിനിടാതെ ഏപ്രില്‍ മൂന്നിനാണു ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി തള്ളിയത്. പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിടുകയായിരുന്നു.
പ്രധാനമന്ത്രി ഭരണഘടനയ്ക്കു വിധേയനാണെന്നും അതിനാല്‍ അസംബ്ലികള്‍ പിരിച്ചുവിടാന്‍ അദ്ദേഹത്തിനു പ്രസിഡന്റിനെ ഉപദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായി പാക് മാധ്യമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പ്രസിഡന്റ് ആരിഫ് അല്‍വിയുടെ തീരുമാനത്തെ 'നിയമവിരുദ്ധം' എന്ന് ഏകകണ്ഠമായി വിശേഷിപ്പിച്ചുകൊണ്ടാണ് അഞ്ചംഗ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാനും ഒപ്പം നില്‍ക്കുന്നവര്‍ക്കും നിയമപരമായ അവകാശമുണ്ടോ എന്ന ഹര്‍ജി പരിഗണിക്കവെ, മുന്‍ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിക്കളയാനുള്ള സൂരിയുടെ ഉത്തരവ് തെറ്റായിരുന്നുവെന്നു പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അത ബാന്‍ഡിയല്‍ ഇന്നു രാവിലെ പറഞ്ഞിരുന്നു.
Also Read: Russia-Ukraine War News: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ്ചെയ്തു
വിവാദ ഉത്തരവിലൂടെ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിക്കളയാനുള്ള നീക്കം പ്രഥമദൃഷ്ട്യാ ഭരണഘടനയുടെ 95-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ജനപ്രതിനിധിയാണോയെന്നും പാര്‍ലമെന്റ് ഭരണഘടനയുടെ സംരക്ഷകനല്ലേയെന്നും പ്രസിഡന്റ് അല്‍വിയെ പ്രതിനിധീകരിച്ച സെനറ്റര്‍ അലി സഫറിനോട് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് രാവിലെ ചോദിച്ചിരുന്നു.
നിയമപ്രകാരമാണ് എല്ലാം നടക്കുന്നതെങ്കില്‍ എങ്ങനെയാണ് ഭരണഘടനാ പ്രതിസന്ധിയുണ്ടാകുകയെന്നും പ്രസിഡന്റിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് പാര്‍ലമെന്റിന്റെ ആഭ്യന്തര കാര്യമാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മാര്‍ച്ച് 28 നു പ്രതിപക്ഷം അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തത്. ഏപ്രില്‍ മൂന്നിനു വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗൂഢാലോചന ആരോപിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയം തള്ളുകയായിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുമായി അവിശ്വാസ പ്രമേയത്തിനു ബന്ധമുണ്ടെന്നും അതിനാല്‍ അത് നിലനിര്‍ത്താനാകില്ലെന്നുമാണു ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി ഞായറാഴ്ച പറഞ്ഞത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി അസംബ്ലി പിരിച്ചുവിടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.