scorecardresearch

Latest News

Russia-Ukraine War News: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു

ഇന്ത്യയുള്‍പ്പടെ 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

Russia-Ukraine War News
ഫൊട്ടോ: യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

Russia-Ukraine War News: കീവ്: ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ യുഎന്‍ ജനറല്‍ അസംബ്ലി സസ്പെന്‍ഡ് ചെയ്തു. യുക്രൈനിലെ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നടപടിക്ക് അനുകൂലമായി 93 വോട്ടുകള്‍ ലഭിച്ചു. 24 രാജ്യങ്ങള്‍ റഷ്യയെ സസ്പെന്‍ഡ് ചെയ്യേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുള്‍പ്പടെ 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുക്രൈനിലെ റഷ്യയുടെ സൈനിക നടപടികള്‍ ആരംഭിച്ചിട്ട് ആറ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നില്ല. യുക്രൈനിലെ പല നഗരങ്ങളിലും മിസൈലാക്രമണം രൂക്ഷമായി തുടരുന്നതായാണ് വിവരം. മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ എത്രയും വേഗം രക്ഷപെടുത്തണമെന്ന് നഗരത്തിന്റെ മേയര്‍ ആവശ്യപ്പെട്ടു. അതേസമയം റഷ്യയുമായി കൈകോര്‍ത്താല്‍ ഇന്ത്യ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ ആക്രമണത്തില്‍ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1. ബുച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ റഷ്യന്‍ എംബസി

യുക്രൈനിലെ ബുച്ചയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യയിലെ റഷ്യൻ എംബസി അപലപിച്ചു. “ബുച്ചയിലെ ഹീനമായ ആക്രമണം രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി കുറ്റകൃത്യങ്ങളുടെ പേടിസ്വപ്നങ്ങൾ തിരികെ കൊണ്ടുവരുന്നു. ഇത് റഷ്യയിലും ഇന്ത്യയിലും ആഗോളതലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു,” എംബസി അറിയിച്ചു.

ഈ ക്രൂരമായ യുദ്ധക്കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് റഷ്യ ഉറച്ചുനിൽക്കുന്നുവെന്നും എംബസി പറഞ്ഞു. യഥാർത്ഥത്തിൽ സ്വതന്ത്രവും പക്ഷപാതരഹിതവുമായ അന്വേഷണം ഉറപ്പാക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.

2. റഷ്യയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യയുമായി സാമ്പത്തിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് രാഷ്ട്രീയമായി ബന്ധിപ്പിക്കരുതെന്നും ഇന്ത്യ. യുക്രൈനിലെ പ്രതിസന്ധികൾക്കിടയിലും റഷ്യയുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് നിരവധി പാശ്ചാത്യ ശക്തികൾ ഇന്ത്യയെ വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ അഭിപ്രായപ്രകടനം. റഷ്യയുമായുള്ള ഇടപഴകലിനെക്കുറിച്ച് ഇന്ത്യ വളരെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും റഷ്യയിൽ നിന്ന് യൂറോപ്പ് ക്രൂഡ് ഓയിൽ തുടർച്ചയായി സംഭരിക്കുന്നത് പോലും ഉദ്ധരിച്ചായിരുന്നു ബാഗ്ചിയുടെ പ്രതികരണം.

3. റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ വേണമെന്ന് യുക്രൈന്‍

ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി റഷ്യക്ക് മേല്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുക്രൈന്‍. യുക്രൈനിലെ കിഴക്കന്‍ നഗരങ്ങളില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യങ്ങള്‍ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിൽ നിന്ന് റഷ്യൻ ബാങ്കുകളെ നിരോധിക്കുകയും വേണമെന്നാണ് യുക്രൈനിന്റെ ആവശ്യം.

4. ‘യുക്രൈനിന്റെ സമാധാന കരാറില്‍ അംഗീകരിക്കാനാവാത്ത നിര്‍ദേശങ്ങള്‍

അംഗീകരിക്കാനാകാത്ത നിര്‍ദേശങ്ങള്‍ അടങ്ങിയ സമാധാന കരാറാണ് യുക്രൈന്‍ തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഈ സാഹചര്യത്തിലും റഷ്യ ചര്‍ച്ചകള്‍ തുടരുമെന്നും ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ പുരോഗമിക്കുന്നില്ലെന്ന് റഷ്യ പറഞ്ഞു. യുദ്ധക്കുറ്റാരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചർച്ചകൾ പാളം തെറ്റിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതായി റഷ്യ ആരോപിക്കുന്നു. ഇരുപക്ഷവും മുമ്പ് അംഗീകരിച്ച നിർദേശങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് സമാധാന ഉടമ്പടി യുക്രൈന്‍ സമര്‍പ്പിച്ചതെന്നും ലാവ്റോവ് വ്യക്തമാക്കി.

5. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് രാജ്യം: റഷ്യന്‍ പ്രധാനമന്ത്രി

പാശ്ചാത്യ ഉപരോധം കാരണം മൂന്ന് പതിറ്റാണ്ടിനിടെിയിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് റഷ്യ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ കമ്പനികള്‍ റഷ്യ വിടുന്നതോടെ പുതിയ വ്യവസായങ്ങള്‍ വഴിതുറന്നിരിക്കുകയാണ്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധങ്ങള്‍ നിലവില്‍ വര്‍ധിപ്പിക്കുകയാണ്.

6. റഷ്യയുമായി കൈകോര്‍ത്താല്‍ ഇന്ത്യ വലിയ നഷ്ടം നേരിടേണ്ടിവരും: മുന്നറിയിപ്പുമായി അമേരിക്ക

റഷ്യയുമായി കൈകോര്‍ക്കുന്നതിനെതിരെ അമേരിക്കന്‍ ഭരണകൂടം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യുക്രൈന്‍ അധിനിവേശത്തോടുള്ള ഇന്ത്യയുടെ ചില പ്രതികരണത്തില്‍ അമേരിക്ക നിരാശരാണെന്നും പ്രസിഡന്റ് ജോ ബൈഡന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെയും ഇന്ത്യയുടെയും തീരുമാനങ്ങളിൽ ഞങ്ങൾ നിരാശരായ മേഖലകൾ തീർച്ചയായും ഉണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ ബ്രയാൻ ഡീസ് പറഞ്ഞു. റഷ്യയുമായുള്ള കൈകോര്‍ക്കല്‍ ദീര്‍ഘകാല അനന്തരഫലങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

7. മരിയുപോളില്‍ നിന്ന് ഒരു ലക്ഷം പേരെ അടിയന്തരമായി ഒഴിപ്പിക്കണം: മേയര്‍

മരിയുപോളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ആളുകൾക്ക് അടിയന്തരമായി ഒഴിപ്പിക്കേണ്ടതുണ്ടെന്ന് നഗരത്തിന്റെ മേയർ വ്യാഴാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുക്രൈനില്‍ ഉടനീളം സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി ഇന്ന് പത്ത് മാനുഷിക ഇടനാഴികൾ തുറന്നിട്ടുണ്ട്. എന്നാൽ നേരത്തെ യുക്രൈനിന്റെ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് മരിയുപോള്‍ വിടാൻ ശ്രമിക്കുന്ന സാധരണക്കാര്‍ വീണ്ടും സ്വന്തം വാഹനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരുമെന്ന് അറിയിച്ചിരുന്നു.

8. നാറ്റോ ചീഫിനെ കണ്ട് യുക്രൈന്‍ വിദേശകാര്യമന്ത്രി

യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രൊ കുലേബ നാറ്റൊ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തി. നാറ്റോയുടെ ബ്രൂസെല്‍സിലെ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. “ഞാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇവിടെ എത്തിയത്. ആയുധങ്ങള്‍, ആയുധങ്ങള്‍, ആയുധങ്ങള്‍. യുക്രൈന് അടിയന്തരമായി ആവശ്യമുള്ളവ. യുക്രൈന് വിജയിക്കാന്‍ ആവശ്യമായ ദീര്‍ഘകാല സഹായങ്ങള്‍,” കുലേബ പറഞ്ഞു.

9. യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ പുറത്താക്കാൻ ഇന്ന് വോട്ടെടുപ്പ്

യുഎന്നിന്റെ പ്രധാന മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ പുറത്താക്കണോ എന്ന് തീരുമാനിക്കാൻ യുഎൻ ജനറൽ അസംബ്ലി വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തും. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപമുളള പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയതിന് പിന്നാലെ ബുച്ച പട്ടണത്തിന്റെ തെരുവുകളിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അമേരിക്ക ഈ നീക്കം ആരംഭിച്ചതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.

47 അംഗ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ മാറ്റണമെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആഹ്വാനം ചെയ്തു. ബുച്ച പട്ടണത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വാർത്തകളും റഷ്യക്കെതിരെ രോഷം ഉയരുന്നതിന് കാരണമായിരുന്നു. ആക്രമങ്ങളുടെ ഉത്തരവാദിത്തം നിഷേധിച്ച റഷ്യയ്‌ക്കെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്താൻ പല രാജ്യങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

10. മരിയുപോളില്‍ അയ്യായിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

മാരിയുപോളിൽ 5,000 ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി നഗരത്തിന്റെ മേയർ പറഞ്ഞു. കീവിന് സമീപമുള്ള [പ്രദേശങ്ങളിൽ റഷ്യ നടത്തിയ അതിക്രമങ്ങളുടെ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഇത്.

അതേസമയം, റഷ്യ പിൻവാങ്ങിയ നഗരങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശേഖരിക്കുന്നത് യുക്രൈൻ തുടരുകയാണ്. അതിനിടയിൽ, റഷ്യ വടക്ക് ഭാഗത്തുള്ള കീവ്, ചെർനീവ് മേഖലകളിൽ നിന്ന് ഏകദേശം 24,000 സൈനികരെ രക്ഷയിലേക്കോ ബലാറസിലേക്കോ പിൻവലിച്ചു എന്നാണ് വിവരം.

Also Read: Russia-Ukraine War News: സഹായ വിതരണ കേന്ദ്രത്തിൽ റഷ്യൻ വെടിവയ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 07 updates