scorecardresearch

ഇമ്രാന്‍ ഖാന്റെ അറസ്റ്റ്: പാക്കിസ്ഥാനില്‍ വന്‍പ്രതിഷേധം, സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ

ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുഭാവികളില്‍ ചിലര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (പാകിസ്ഥാന്‍ ആര്‍മി) ഇരച്ചുകയറി.

ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുഭാവികളില്‍ ചിലര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (പാകിസ്ഥാന്‍ ആര്‍മി) ഇരച്ചുകയറി.

author-image
WebDesk
New Update
Imran Khan, pakistan, ie malayalam

(Source: Twitter/ @PTIofficial)

ഇസ്ലമാബാദ്: പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ പല നഗരങ്ങളിലും വന്‍പ്രതിഷേധം. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം റെയ്ഞ്ചേഴ്സ് ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഇമ്രാന്റെ അറസ്റ്റിനെ തുടര്‍ന്ന് ലാഹോര്‍, പെഷവാര്‍, കറാച്ചി, ഗില്‍ജിത്, കരാക്ക് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം നടക്കുന്നതായി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐ) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിഷേധക്കാര്‍ ലാഹോര്‍ കോര്‍പ്‌സ് കമാന്‍ഡറുടെ വസതിയില്‍ പ്രവേശിച്ച് അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുഭാവികളില്‍ ചിലര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (പാകിസ്ഥാന്‍ ആര്‍മി) ഇരച്ചുകയറി.

അതേസമയം, ഇസ്ലാമാബാദ് ഹൈക്കോടതിയിലെ (ഐഎച്ച്സി) ചീഫ് ജസ്റ്റിസ് ആമര്‍ ഫാറൂഖ് ചൊവ്വാഴ്ച ഐഎച്ച്സി പരിസരത്ത് നടന്ന അറസ്റ്റിനെതിരെ ശക്തമായി അപലപിച്ചു. ഐഎച്ച്സിയുടെ പാര്‍ക്കിംഗ് സ്ഥലവും മറ്റ് സ്ഥലങ്ങളും കോടതിമുറി പോലെ തന്നെ പരിഗണിക്കണമോ എന്ന് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ തിരിച്ചടിച്ചു, ഡോണ്‍ റിപ്പോര്‍ട്ട് പറയുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന്റെ ഔദ്യോഗിക വക്താവ് ഫവാദ് ചൗധരി പറയുന്നതനുസരിച്ച് മുന്‍ പ്രധാനമന്ത്രിയെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും നിരവധി അഭിഭാഷകരും സാധാരണക്കാരും ആക്രമിക്കപ്പെട്ടുവെന്നുമാണ്.

Advertisment

ഇമ്രാന്‍ ഖാന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റിന് ബഹ്രിയ ടൗണ്‍ 530 മില്യണ്‍ പി.കെ.ആര്‍ വിലമതിക്കുന്ന ഭൂമി അനുവദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ഇസ്ലാമാബാദ് പൊലീസിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിശ്വാസവോട്ടെടുപ്പിലൂടെ പുറത്തായതു മുതല്‍ നിരവധി കേസുകളാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്നത്. തീവ്രവാദം, മതനിന്ദ, കൊലപാതകം, അക്രമം, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നൂറ്റി നാല്‍പതോളം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ പാക്കിസ്ഥാനിലുള്ളത്.

മൗലികാവകാശങ്ങളും ജനാധിപത്യവും പാക്കിസ്ഥാനില്‍ കുഴിച്ചുമൂടപ്പെട്ടുവെന്ന് അറസ്റ്റിലാകുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്റെ ഈ വാക്കുകള്‍ നിങ്ങളിലേക്ക് എത്തുമ്പോള്‍ അടിസ്ഥാനരഹിതമായ കേസില്‍ ഞാന്‍ അറസ്റ്റിലാകും. നമ്മുടെ മേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച അഴിമതി നിറഞ്ഞ, ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ ഞാന്‍ സ്വീകരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നതിനാലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയ്ക്ക് വിലക്ക്

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Pakistan Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: