ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തു. ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രിയെ കോടതി വളപ്പിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി ഇമ്രാൻ ഖാന്റെ പാർട്ടി പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ ഔദ്യോഗിക വക്താവ് ഫവാദ് ചൗധരി ആരോപിച്ചു.
ഇമ്രാൻ ഖാന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള അൽ ഖാദിർ ട്രസ്റ്റിന് ബഹ്‌രിയ ടൗൺ 530 മില്യൺ പി.കെ.ആർ വിലമതിക്കുന്ന ഭൂമി അനുവദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. തീവ്രവാദം, മതനിന്ദ, കൊലപാതകം, അക്രമം, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നൂറ്റി നാൽപതോളം കേസുകളാണ് ഇമ്രാൻ ഖാനെതിരെ പാക്കിസ്ഥാനിലുള്ളത്.
മൗലികാവകാശങ്ങളും ജനാധിപത്യവും പാക്കിസ്ഥാനിൽ കുഴിച്ചുമൂടപ്പെട്ടുവെന്ന് അറസ്റ്റിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. എന്റെ ഈ വാക്കുകൾ നിങ്ങളിലേക്ക് എത്തുമ്പോൾ അടിസ്ഥാനരഹിതമായ കേസിൽ ഞാൻ അറസ്റ്റിലാകും. നമ്മുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിച്ച അഴിമതി നിറഞ്ഞ, ഇറക്കുമതി ചെയ്ത സർക്കാരിനെ ഞാൻ സ്വീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നതിനാലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പിടിഐ തലവൻ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാൻ ഷാ മെഹമൂദ് ഖുറേഷി ശക്തമായി അപലപിച്ചു. ”ഇമ്രാൻ ഖാന്റെ അറസ്റ്റ് തികച്ചും നീതീകരിക്കപ്പെടാത്തതും അസ്വീകാര്യവുമാണ്. ചെയർമാന്റെ ആരോഗ്യത്തിലും സുരക്ഷയിലും രാജ്യം മുഴുവൻ അതീവ ഉത്കണ്ഠാകുലരാണ്,” ഖുറേഷി ട്വീറ്റ് ചെയ്തു. ഖാന്റെ അറസ്റ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖുറേഷി അറിയിച്ചു.
ഇസ്‌ലാമാബാദിലെ സ്ഥിതിഗതികൾ സാധാരണമാണെന്നും നഗരത്തിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഇസ്‌ലാമാബാദ് പൊലീസ് ട്വീറ്റ് ചെയ്തു.