/indian-express-malayalam/media/media_files/uploads/2021/10/IMF.jpg)
വാഷിങ്ടണ്‍: ഇന്ത്യയുടെ 2022 ലെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായി കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്). പ്രതീക്ഷിത വളര്‍ച്ച വെട്ടിക്കുറച്ച മറ്റ് ആഗോള ഏജന്‍സികളുടെ പ്രവചനവുമായി ചേരുന്നതാണിത്.
2022 ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്ന് ഇന്നു പുറത്തിറക്കിയ വാര്‍ഷിക ലോക സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഐ എം എഫ് വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിലെ പ്രവചനത്തേക്കാള്‍ 0.6 ശതമാനം കുറവാണിത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി ഡി പി) 7.4 ശതമാനമായിരിക്കുമെന്നായിരുന്നു ഐ എം എഫ് ജൂലൈയില്‍ പ്രവചിച്ചിരുന്നത്. അതിനു മുന്‍പ്, ജനുവരിയില്‍ 8.2 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായ ഫലമാണ് ഇടിവില്‍ പ്രതിഫലിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ (2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ) ഇന്ത്യയുടെ വളര്‍ച്ച 8.7 ശതമാനമായിരുന്നു.
ആഗോള വളര്‍ച്ച 2021-ലെ 6.0 ശതമാനത്തില്‍നിന്ന് 2022-ല്‍ 3.2 ശതമാനമായും 2023-ല്‍ 2.7 ശതമാനമായും കുറയുമെന്നാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ്-19 കോവിഡ് മഹാമാരിയുടെ തീവ്ര ഘട്ടവും ഒഴികെ, 2001 നു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ സ്ഥിതിയാണിത്.
സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ കാര്യമായ മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നു. 2022 ന്റെ ആദ്യ പകുതിയില്‍ യു എസ് ജിഡിപി ചുരുങ്ങിയതും രണ്ടാം പകുതിയില്‍ യൂറോ സമ്പദ്‌വ്യവസ്ഥയും ചുരുങ്ങിയതും പ്രോപ്പര്‍ട്ടി മേഖലയിലെ പ്രതിസന്ധിക്കൊപ്പം കോവിഡ് വ്യാപനവും ചൈനയില്‍ നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണുകളും കാരണമായി ഐ എം എഫ് ചൂണ്ടിക്കാണിക്കുന്നു.
''ആഗോള സമ്പദ്വ്യവസ്ഥ കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇത് യുക്രൈനിലെ റഷ്യന്‍ അധിനിവേശം, നിരന്തരവും വിശാലമായതുമായ പണപ്പെരുപ്പ സമ്മര്‍ദം മൂലമുണ്ടാകുന്ന ജീവിതച്ചെലവ് പ്രതിസന്ധി, ചൈനയിലെ മാന്ദ്യം എന്നീ മൂന്നു ശക്തമായ ഘടകങ്ങളുടെ നീണ്ടുനില്‍ക്കുന്ന ഫലങ്ങളാല്‍ രൂപപ്പെട്ടിരിക്കുന്നു,'' ഐ എം എഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തില്‍ പുറത്തിറക്കിയ ലോക സാമ്പത്തിക റിപ്പോര്‍ട്ടിനായി നല്‍കിയ കുറിപ്പില്‍ ഐ എം എഫ് ഇക്കണോമിക് കൗണ്‍സിലറും റിസര്‍ച്ച് ഡയറക്ടറുമായ പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് 2023-ല്‍ ചുരുങ്ങും. അതേസമയം മൂന്ന് വലിയ സമ്പദ്വ്യവസ്ഥകളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവ സ്തംഭനാവസ്ഥയില്‍ തുടരും. ''ചുരുക്കത്തില്‍, ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂ, പലര്‍ക്കും 2023 മാന്ദ്യമായി അനുഭവപ്പെടും,''അദ്ദേഹം എഴുതി.
ചൈനയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 3.2 ശതമാനമാണ്. 2021 ല്‍ 8.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. സീറോ കോവിഡ് നയത്തിനു കീഴിലുള്ള പതിവ് ലോക്ക്ഡൗണുകളാണു ചൈനീസ് സമ്പദ്വ്യവസ്ഥയെ ബാധിച്ചത്. പ്രത്യേകിച്ച് 2022-ന്റെ രണ്ടാം പാദത്തില്‍. കൂടാതെ, ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അഞ്ചിലൊന്നിനെ പ്രതിനിധീകരിക്കുന്ന പ്രോപ്പര്‍ട്ടി മേഖല അതിവേഗം ദുര്‍ബലമാവുകയാണ്.
''ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വലുപ്പവും ആഗോള വിതരണ ശൃംഖലയ്ക്കുള്ള പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍, ഇത് ആഗോള വ്യാപാരത്തെയും പ്രവര്‍ത്തനത്തെയും വളരെയധികം ബാധിക്കും,'' ഗൗറിഞ്ചാസ് പറഞ്ഞു.
അമേരിക്കയില്‍, ധനസ്ഥിതി കടുപ്പിക്കുന്നതിനാല്‍ അടുത്ത വര്‍ഷം വളര്‍ച്ച ഒരു ശതമാനമായി കുറയും. ചൈനയില്‍, പ്രോപ്പര്‍ട്ടി മേഖല ദുര്‍ബലമാകുകയും ലോക്ക്ഡൗണ്‍ തുടരുകയും ചെയ്യുന്നതിനാല്‍ അടുത്ത വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച 4.4 ശതമാനമായി ഐ എം എഫ് കുറച്ചതായും അദ്ദേഹം ഒരു ബ്ലോഗ് പോസ്റ്റില്‍ എഴുതി.
''യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോള സമ്പദ്വ്യവസ്ഥയെ ശക്തമായി അസ്ഥിരപ്പെടുത്തുന്നതു തുടരുന്നു. ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും വര്‍ധിച്ചുവരുന്നതും വിവേകശൂന്യവുമായ വിനാശത്തിനപ്പുറം, അത് യൂറോപ്പില്‍ കടുത്ത ഊര്‍ജ പ്രതിസന്ധിക്കും കാരണമായി. ഇത് ജീവിതച്ചെലവ് കുത്തനെ വര്‍ധിപ്പിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു,''അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.