scorecardresearch
Latest News

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് യു യു ലളിത്

ഇന്ത്യയുടെ 50-ാമതു ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ തൽസ്ഥാനത്ത് തുടരും. നവംബര്‍ ഒൻപതിനു പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്യും

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് യു യു ലളിത്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിനെ തന്റെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് യു യു ലളിത്. ജഡ്ജിമാരുടെ വിശ്രമമുറിയില്‍ ഇന്നു നടന്ന ജഡ്ജിമാരുടെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനു ചീഫ് ജസ്റ്റിസ് ലളിത് കത്ത് കൈമാറി.

സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമതു ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ലളിത് നവംബര്‍ എട്ടിനു വിരമിക്കും. പിന്‍ഗാമിയുടെ സത്യപ്രതിജ്ഞ ഒന്‍പതിനു നടക്കും.

ചീഫ് ജസ്റ്റിസ് പദത്തില്‍ ജസ്റ്റിസ് ലളിതിന്റെ കാലയളവ് മൂന്നു മാസം മാത്രമായിരുന്നുവെങ്കില്‍ ചന്ദ്രചൂഡിനു രണ്ടു വര്‍ഷം അവസരം ലഭിക്കും. 2024 നവംബര്‍ 10 വരെ അദ്ദേഹം ഓഫിസില്‍ തുടരും.

മുന്‍ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായ ഡി വൈ ചന്ദ്രചൂഡ് ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1998 ജൂണില്‍ ബോംബെ ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നല്‍കി. 1998 മുതല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. മഹാരാഷ്ട്ര ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2016 മേയ് 13 ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.

സുപ്രീം കോടതി ജഡ്ജിയായിരിക്കെ രാജ്യത്തിന്റെ നിയമതത്വസംഹിതയുടെ പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചില സുപ്രധാന വിധിന്യായങ്ങള്‍ അദ്ദേഹം എഴുതി.

റിട്ട. ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സുപ്രധാന കേസില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ഒമ്പതംഗ ബെഞ്ച് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചു. 2016ലെ ആധാര്‍ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂരിഭാഗം പേരും നിയമം ശരിവച്ചപ്പോള്‍, അത് മണി ബില്ലായി പാസാക്കിയതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിലയിരുത്തൽ.

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ബഞ്ചിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. പുരാതനവും കാലാനുസൃതമല്ലാത്തതുമായ കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം, ഒളിച്ചും ഭയപ്പെട്ടും രണ്ടാംതരം പൗരന്മാരായി ജീവിക്കാന്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമാക്കുന്നുവെന്ന് അദ്ദേഹം നവ്തേജ് സിങ് ജോഹര്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കി നല്‍കിയ കേസിലെ വിധിന്യായത്തില്‍ എഴുതി.

മഹാരാഷ്ട്രയിലെ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ സംശയം ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹര്‍ജികള്‍ ജസ്റ്റിഡ് ഡി വൈ ചചന്ദ്രചൂഡ് ഉള്‍പ്പെടുന്ന അടങ്ങുന്ന മൂന്നംഗ ബെഞ്ച് 2018 ഏപ്രിലില്‍ തള്ളിയിരുന്നു. ഇതൊരു പെട്ടെന്നുള്ള സ്വാഭാവിക മരണമാണെന്നും ക്ലിനിക്കല്‍ പരിശോധനകളിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

അവിവാഹിതരും ഒറ്റയ്ക്കു ജീവിക്കുന്നതുമായ സ്ത്രീകള്‍ക്കു സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ ദീര്‍ഘിച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളില്ലാത്ത പ്രത്യുത്പാദന തിരഞ്ഞെടുപ്പുകള്‍ക്ക് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ വിധി.

അയോധ്യതര്‍ക്ക കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലും അദ്ദേഹം ഭാഗമായിരുന്നു. സുപ്രീം കോടതി ഇ-കമ്മിറ്റിയുടെ തലവന്‍ എന്ന നിലയില്‍, കോവിഡ് -19 സമയത്ത് വെര്‍ച്വല്‍ ഹിയറിങ്ങുകള്‍ സാധ്യമാക്കുന്നതിലും കോടതി നടപടികളുടെ തത്സമയ സ്ട്രീമിങ് ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഭരണഘടനാ ബെഞ്ചുകള്‍ കേള്‍ക്കുന്ന കേസുകളാണ് ആദ്യ ഘട്ടത്തില്‍ തത്സമയ സ്ട്രീമിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cji uu lalit to recommend d y chandrachud successor

Best of Express