/indian-express-malayalam/media/media_files/uploads/2021/05/rahul-2.jpg)
ഡൽഹി: ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി മാറ്റണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വ്യപകമായി തുടരുമ്പോൾ ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധിയും. ബുധനാഴ്ച ട്വിറ്ററിലൂടെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി 'അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുകയാണ്' എന്ന് പറഞ്ഞു.
ട്വീറ്റിൽ, 'സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്' എന്ന് കുറിച്ച രാഹുൽ ഗാന്ധി താൻ അവിടത്തെ ജനങ്ങൾക്ക് ഒപ്പമാണെന്നും പ്രഖ്യാപിച്ചു.
Lakshadweep is India’s jewel in the ocean.
— Rahul Gandhi (@RahulGandhi) May 26, 2021
The ignorant bigots in power are destroying it.
I stand with the people of Lakshadweep.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാര നടപടികളിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇന്നലെ പ്രിയങ്ക ഗാന്ധിയും ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിന്റെ പാരമ്പര്യം നശിപ്പിക്കാനോ അവിടെ ഏകപക്ഷീയമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്താനോ ബിജെപി സർക്കാരിനും അവരുടെ ഭരണസംവിധാനത്തിനും ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങൾക്ക് തന്റെ പൂർണ പിന്തുണ അറിയിക്കുന്നതായും പ്രിയങ്ക തന്റെ ട്വീറ്റുകളിൽ വ്യക്തമാക്കി. അവരുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശത്തിനായി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. ലക്ഷദ്വീപ് നിവാസികൾ തങ്ങൾ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി, സാംസ്കാരിക പൈതൃകം എന്നിവയെ ആഴമായി മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവയെ എല്ലായ്പ്പോഴും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Read Also: പിഎം കെയേഴ്‌സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ 150ൽ 113നും തകരാർ, വിശദീകരണം തേടി ബോംബെ ഹൈക്കോടതി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തിനെതിരെ കേരളത്തിലെ വിവിധ നേതാക്കൾ വിമർശനമുന്നയിച്ചു. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ ലക്ഷദ്വീപ്പിലെ ജനങ്ങളുടെ സംസ്കാരത്തിനും ജീവിതത്തിനും ഗുരുതരമായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.
ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്നും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷദ്വീപിൽ നടത്തുന്ന പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.