/indian-express-malayalam/media/media_files/uploads/2019/03/gurugram-gurgaon-assault-759-008.jpg)
ഗുര്‍ഗോണ്‍: നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഗുരുഗ്രാമില്‍ ഹോളി ദിനത്തില്‍ ആള്‍കൂട്ട ആക്രമണത്തിന് ഇരയായ കുടുംബം. സംഭവത്തില്‍ പ്രാദേശിക നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി പൊലീസും ഭരണകൂടവും അന്വേഷണത്തില്‍ അനാസ്ഥ കാണിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
'വിഷയം പൊതുമധ്യത്തിലുണ്ട്. മുന്‍കൂട്ടി പദ്ധതിയിട്ട് ഗുണ്ടകള്‍ എങ്ങനെയാണ് ഞങ്ങളെ ആക്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ജില്ലാ പൊലീസ് ഞങ്ങളെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ അക്രമികളെയും അവരുടെ കുടുംബാംഗങ്ങളേയും പൊലീസ് അനുവദിക്കുകയുമാണ്.' ആക്രമണത്തിന് ഇരയായ കുടുംബത്തിലെ അംഗമായ മുഹമ്മദ് അക്തര്‍ പറയുന്നു.
'അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് ഞങ്ങളുടെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിച്ചു. നീതി ലഭിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും ഞങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യും.' അക്തര്‍ പറഞ്ഞു.
ആക്രമണത്തിനിരയായ കുടുംബം അതിവേഗ വിചാരണ ആവശ്യപ്പെട്ടുകൊണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. 'ഞങ്ങള്‍ക്കുമേല്‍ സമ്മർദം ചെലുത്താന്‍ കുടുംബത്തിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്' അക്തര്‍ പറയുന്നു.
Read More: 'പാക്കിസ്ഥാനില്‍ പോയി കളിക്ക്'; മുസ്ലിം കുടുംബത്തെ വീട് കയറി ക്രൂരമായി മര്‍ദ്ദിച്ചു
കൂടുതല്‍ അക്രമം ഭയന്ന് ഗുര്‍ഗോണ്‍ വിട്ട് സ്വദേശമായ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലേക്ക് തിരിച്ചുപോവാന്‍ ശ്രമിക്കുമ്പോഴാണ് കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തത്.
മാര്‍ച്ച് 21നാണ് ഗുര്‍ഗാവിലെ ധമാസ്പൂര്‍ ഗ്രാമത്തിലെ മുസ്‌ലിം കുടുംബത്തെ വടികളും മറ്റുമായി ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഈ വീട്ടിലെ കുട്ടികളോട് 'പോയി പാക്കിസ്ഥാനില്‍ നിന്ന് കളിക്കൂ' വെന്ന് അക്രമിസംഘം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മൂന്നു വര്‍ഷമായി കുടുംബസമേതം ഗുര്‍ഗാവില്‍ താമസിക്കുന്ന മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.