/indian-express-malayalam/media/media_files/uploads/2021/05/bengaluru-door-to-door-testing-1200.jpg)
ന്യൂഡൽഹി: കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇനി മുതൽ വീട്ടിലിരുന്ന് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്താമെന്ന് ഐസിഎംആർ. രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റീവായവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർക്കുമാണ് വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന ഐസിഎംആർ നിർദേശിച്ചിരിക്കുന്നത്.
"അനാവശ്യമായ പരിശോധന നിർദേശിച്ചിട്ടില്ല. യുസർ മാനുവലിൽ ടെസ്റ്റ് കിറ്റ് ഉൽപാദകർ പറഞ്ഞിരിക്കുന്ന രീതിയിൽ വേണം പരിശോധന നടത്താൻ" ഐസിഎംആർ പറഞ്ഞു.
നിലവിൽ കോവിസെൽഫ് (CoviSelf) കോവിഡ് 19 ഒടിസി ആന്റിജൻ എൽഎഫ് ഡിവൈസ് എന്ന ഏക ആന്റിജൻ പരിശോധന കിറ്റിനാണ് വീട്ടിലെ പരിശോധനയ്ക്ക് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. പൂനെയിലെ മൈലാബ് എന്ന കമ്പനിയുടേതാണ് ഈ ടെസ്റ്റ് കിറ്റ്.
വീട്ടിൽ നടത്തുന്ന ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്ന രോഗ ലക്ഷണമുള്ള എല്ലാവരും ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. "ആന്റിജൻ പരിശോധനയിൽ വൈറസുകൾ കുറഞ്ഞ ചില പോസിറ്റീവ് കേസുകൾ നെഗറ്റീവായി കാണിക്കാൻ സാധ്യതയുള്ളതിനാൽ ആർടിപിസിആർ പരിശോധന നിർബന്ധമാണെന്ന് മാർഗരേഖയിൽ പറയുന്നു. വീട്ടിലെ പരിശോധനയ്ക്കായി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ഐസിഎംആർ പറഞ്ഞു. അതിൽ നൽകുന്ന മുഴുവൻ വിവരണങ്ങളും ഐസിഎംആറിന്റെ കോവിഡ് 19 ടെസ്റ്റിങ് പോർട്ടലിലെ സെർവറിലേക്കാണ് പോകുന്നതെന്നും അത് പൂർണ സുരക്ഷിതമായിരിക്കുമെന്നും ഐസിഎംആർ ഉറപ്പ് നൽകുന്നു.
Read Also: പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; 200 ജില്ലകളിൽ പുതിയ കേസുകൾ കുറഞ്ഞു
പരിശോധന നടത്തിയ ശേഷം എല്ലാ ഉപയോക്താക്കളും ടെസ്റ്റ് സ്ട്രിപ്പിന്റെ ഒരു ചിത്രം ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ ചെയ്ത ഫോണിൽ എടുക്കണമെന്ന് ഐസിഎംആർ പറഞ്ഞു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാകുന്ന രോഗലക്ഷണങ്ങൾ ഉള്ളവർ ആർടിപിസിആർ പരിശോധന ഫലം ലഭിക്കും വരെ കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
"പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കാണുന്നവർ പോസിറ്റീവാണെന്ന് ഉറപ്പു വരുത്താൻ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. പോസിറ്റീവ് ആകുന്ന എല്ലാ വ്യക്തികളും ഐസിഎംആറിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രോട്ടോക്കോൾ പ്രകാരം ഹോം ഐസൊലേഷനിൽ കഴിയണം," മാർഗരേഖയിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.