ന്യൂഡൽഹി: പതിമൂന്ന് ആഴ്ചക്കാലം കൊണ്ട് കുതിച്ചുയർന്ന കോവിഡ് നിരക്കിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായി കേന്ദ്രം. 200 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു.
“കോവിഡ് മഹാമാരിയുടെ കർവ് സ്ഥിരത കൈവരിക്കുന്നു”, റീപ്രൊഡക്ഷൻ നമ്പർ (R) 1 ൽ താഴെയായി കുറഞ്ഞു, ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ കെ.വി.പോൾ പറഞ്ഞു. കോവിഡ് വ്യാപനം ചുരുങ്ങുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, മേയ് 11 മുതൽ 17 വരെ ശരാശരി 18.45 ലക്ഷം ടെസ്റ്റുകൾ ചെയ്തതിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനമാണ്. ഫെബ്രുവരി 16-22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
“പല സംസ്ഥാനങ്ങളിലും സമഗ്രമായ പരിശ്രമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും, പരിശോധനയുടെയും അടിസ്ഥാനത്തിൽ കർവ് സ്ഥിരത കൈവരിക്കുന്നുണ്ട്.”, എന്നാൽ ഇപ്പോഴും ആശങ്കയ്ക്ക് കാരണമായി നിൽക്കുന്ന സംസ്ഥാനങ്ങളുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളുടെ കർവ് ആശങ്ക നൽകുന്നതാണെന്ന് പോൾ പറഞ്ഞു.
മിക്സഡായ തരത്തിലുള്ള ഒരു ചിത്രമാണ് മുന്നിൽ, എന്നാൽ മൊത്തത്തിൽ ഒരു സ്ഥിരത ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ശാസ്ത്രീയമായ വിലയിരുത്തലിൽ ഞങ്ങൾക്ക് മനസിലായത് റീപ്രൊഡക്ഷൻ സംഖ്യ ഇപ്പോൾ ഒന്നിൽ താഴെയാണ്. അതായത് കോവിഡ് മൊത്തത്തിൽ ചുരുങ്ങുന്നുണ്ട്. ഇത് സാധ്യമായത് സമഗ്രമായ പരിശ്രമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും, പരിശോധനയുടെയും അടിസ്ഥാനത്തിലാണ്” പോൾ പറഞ്ഞു.
രോഗം ബാധിച്ച ഒരാളിൽ നിന്ന് രോഗം ബാധിക്കാവുന്ന ശരാശരി ആളുകളുടെ എണ്ണം കണക്കാക്കുന്നതാണ് റീപ്രൊഡക്ഷൻ സംഖ്യ. അത് ഒന്നിൽ താഴെ ആകുമ്പോൾ രോഗ വ്യാപനം കുറയുന്നതിന്റെ സൂചനയാണ് നൽകുന്നത്.
ഇത് ആദ്യ ഘട്ട സൂചനകളാണ്. എന്നാൽ കണ്ടെയ്ൻമെന്റ് ടെസ്റ്റിങ്ങിലോ എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് പുതിയൊരു ഉയർച്ചക്ക് കാരണമാകും. “നിരക്ക് കുറയുന്നത് ഇതിന്റെ ഭാഗമാണ്, എന്നാൽ പോസിറ്റിവിറ്റി നിരക്കിൽ നമുക്ക് കുറവ് സാധ്യമാകുന്നത് നമ്മൾ ഇപ്പോൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ മന്ദഗതിയിലാവുകയോ കയ്യിൽ നിന്ന് പോകാനോ പാടില്ല” അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഏപ്രിൽ 13നും 19നും ഇടയിൽ പ്രതിദിനം ഇന്ത്യ 15.25 ലക്ഷം ടെസ്റ്റുകൾ നടത്തി. അതിൽ പ്രതിവാരം 16.9 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. ഏപ്രിൽ 20-26 വരെ 16.95 ലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 20.3 ആയിരുന്നു. ഏപ്രിൽ 27 മുതൽ മേയ് 3 വരെ 18.13 ലക്ഷത്തിന് 21.3 ശതമാനവും മേയ് 4-10 ൽ 18.16 ലക്ഷത്തിന് 21.4 ശതമാനവും, മേയ് 11-17ൽ 18.45 ലക്ഷത്തിന് 16.9 ശതമാനവുമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.
Read Also: പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും പരിശോധനകളുമാണ് കോവിഡിനെതിരെയുളള ആയുധമെന്ന് മോദി
ഇതിൽ ഒരു ആശങ്കയായി 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും പുതുച്ചേരിയും അതുപോലെ ഗോവ, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും 30 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തതായി കണക്കുകളിൽ കാണാം. മറ്റു ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഡിലും 20-30 ശതമാനത്തിനുമിടയിൽ പോസിറ്റിവിറ്റി നിരക്കാണ് റിപ്പോർട്ട് ചെയ്തത്.
ഇതിലെ എട്ട് സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്രം പറഞ്ഞു. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയതായി സർക്കാർ പറഞ്ഞു.
മറ്റു ആറ് സംസ്ഥാനങ്ങളായ തമിഴ്നാട്, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്കിലും കേസുകളിലും വർധനവുണ്ടാകുന്നുണ്ട്. എന്നാൽ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, നാഗാലാൻഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും കേസുകൾ കൂടുന്നതായും കാണാം.

മൊത്തത്തിൽ 199 സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തു. യുപിയിലെ 39 ജില്ലകളിലും, മധ്യപ്രദേശിലെ 33 ജില്ലകളിലും കേസുകളിൽ കുറവുണ്ടായി. തെലങ്കാന (27), മഹാരാഷ്ട്ര (24) തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുപതിലധികം ജില്ലകളിലും കേസുകളിൽ കുറവുണ്ടായി.
മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂർ, നാസിക്, ജില്ലകൾ, യുപിയിലെ ലക്‌നൗ, വാരണാസി, ജില്ലകൾ, ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ഗ്വാളിയോർ, ഛത്തീസ്ഗഡിലെ രാജ്പുർ തുടങ്ങിയ എട്ട് ജില്ലകളിൽ കഴിഞ്ഞ മൂന്ന് ആഴ്ചകളായി കേസുകളിലും, പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി.
എന്നാൽ മറ്റു എട്ട് ജില്ലകൾ, അതും തെക്ക് ഇന്ത്യയിലെ ജില്ലകളിൽ കേസുകളും പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ മൂന്ന് ആഴ്ചകളായി വർധിക്കുകയാണ്. കേരളത്തിലെ മലപ്പുറം, കൊല്ലം, തമിഴ്നാടിലെ കോയമ്പത്തൂർ , ചെങ്കൽപ്പെട്ട്, ആന്ധ്രാപ്രദേശിലെ വൈഎസ്ആർ ജില്ല, അനന്തപുർ, കർണാടകയിലെ ബെല്ലാരി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേസുകളും പോസിറ്റിവിറ്റി നിരക്കും കൂടുന്നത്.