/indian-express-malayalam/media/media_files/uploads/2018/11/modi-narendra-modi-7594.jpg)
Narendra Modi
ബിഷ്‌കേക്ക്: പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെന്ന് നരേന്ദ്ര മോദി. എന്നാല്‍, തന്റെ പരിശ്രമങ്ങളെല്ലാം നിരാകരിക്കപ്പെട്ടു എന്നും മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനോടാണ് മോദി ഇന്ത്യ - പാക്കിസ്ഥാന്‍ ബന്ധത്തെ കുറിച്ച് പറഞ്ഞത്. ബിഷ്‌കേക്കിലെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.
Read Also: ‘ഒന്നും ആയിട്ടില്ലത്രേ!’; അമിത് ഷായുടെ ലക്ഷ്യം കേരളവും ബംഗാളും
സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടത്. ഭീകരവാദത്തില്‍ നിന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സാധിക്കണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങളൊന്നും ഇസ്‌ലാമാബാദില്‍ നിന്ന് കാണുന്നില്ലെന്നും മോദി പറഞ്ഞു.
ബിഷ്‌കേക്കിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനുമായി സമാധാനപരവും സൗഹൃദപരവുമായ ബന്ധം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞു.
Read Also: പാകിസ്ഥാന് മുകളിലൂടെ മോദി പറക്കില്ല; യാത്ര ഒമാന്‍, ഇറാന്‍ വഴി
ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തെങ്കിലും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും അധികാരികള്‍ തമ്മില്‍ യാതൊരു ചര്‍ച്ചയും നടന്നില്ല. നിലവില്‍ ഇന്ത്യ - പാക് ബന്ധം ഏറ്റവു താഴ്ന്ന നിലയിലാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നരേന്ദ്ര മോദി അദ്ദേഹത്തിന് ലഭിച്ച ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ കത്തയച്ചിരുന്നു. ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഇമ്രാൻ ഖാൻ കത്തയച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിക്ക് ഇമ്രാൻ കത്തയച്ചത്.
സമാധാനപരമായ സാഹോദര്യത്തിന്റെ നയമാണ് പാക്കിസ്ഥാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കണം. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തിലൂടെയും പ്രശ്‌നങ്ങളെ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്. ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്നും ചര്‍ച്ച മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴി എന്നും മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.