ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വീണ്ടും ഭരണത്തിലെത്തിയെങ്കിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് തൃപ്തി വന്നിട്ടില്ല. കേരളത്തിലും ബംഗാളിലും ബിജെപി സര്‍ക്കാരുകള്‍ അധികാരത്തില്‍ കയറിയാലേ പാര്‍ട്ടി അതിന്റെ പൂര്‍ണതയിലും ഔന്നിത്യത്തിലും എത്തൂ എന്ന് അമിത് ഷാ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിക്ക് വളര്‍ച്ച കൈവരിക്കാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനും അങ്ങനെ സംഘടനാപരമായി ബിജെപിയെ വളര്‍ത്താനും നേതാക്കളോട് അമിത് ഷാ നിര്‍ദേശിച്ചു. കേരളവും ബംഗാളും തന്നെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വ്യക്തമാക്കി.
Also Read: ബിജെപി പ്രസിഡന്റായി അമിത് ഷാ ഡിസംബർവരെ തുടർന്നേക്കും
പാര്‍ട്ടിയില്‍ 20 ശതമാനം അംഗങ്ങളെ വര്‍ധിപ്പിക്കാനാണ് ബിജെപി നീക്കം. തെക്കേ ഇന്ത്യയിലും ബംഗാളിലും ബിജെപിക്ക് സ്വാധീനം കുറഞ്ഞ ഇടങ്ങളില്‍ പാര്‍ട്ടിക്ക് പൂര്‍ണ വളര്‍ച്ച വേണമെന്നാണ് അമിത് ഷായുടെ നിര്‍ബന്ധം.

അതേസമയം മഹാരാഷ്ട്ര, ഹരിയാന ഉൾപ്പടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. ഒരാൾക്ക് ഒരു പദവി എന്നതാണ് കീഴ്വഴക്കം എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ ബിജെപിയിൽ തൽക്കാലം നേതൃമാറ്റം ഉണ്ടാകൂ. അധ്യക്ഷ പദവിയിൽ അമിത് ഷാ തുടരും.
Kerala News Live : ഇന്നത്തെ കേരള വാർത്തകൾ ഒറ്റനോട്ടത്തിൽ
ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നാണ് അമിത് ഷാ ഇത്തവണ ലോക്സഭയിലെത്തിയത്. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാ പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയായി. അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ പുതിയ ബിജെപി അധ്യക്ഷന് വേണ്ടി ചർച്ചകൾ ആരംഭിച്ചു. ഡിസംബർ മാസത്തോടെയാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
Also Read: ‘ഇനി ആഭ്യന്തര ഷാ’
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയത്തോടെയാണ് ഇത്തവണ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിലെ വിജയം അമിത് ഷായുടെ സംഘടനാ മികവിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബിജെപി തന്നെ വിലയിരുത്തുന്നു.