/indian-express-malayalam/media/media_files/uploads/2022/10/sonia-rahul.jpg)
ന്യൂഡൽഹി: ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആർജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും (ആർജിസിടി) ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ എംബസിയിൽ നിന്ന് ആർജിഎഫിന് ഫണ്ട് ലഭിച്ചതായി ബിജെപി ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം 2020ൽ രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. സംഘടനക്ക് ഇനി മുതല്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) നിന്നുള്ള ഒരു സ്‌പെഷ്യൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ചത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ഉന്നത നേതാക്കൾ അംഗങ്ങളാണ്. ആർജിഎഫിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ധനമന്ത്രി പി.ചിദംബരവും വരെ അംഗങ്ങളായുണ്ട്.
2005-06 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നും ചൈനീസ് എംബസിയിൽ നിന്നും ഫൗണ്ടേഷൻ 300,000 ഡോളർ സ്വീകരിച്ചുവെന്നാണ് , ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ ആരോപിച്ചത്. കോൺഗ്രസും ചൈനയും തമ്മിലുള്ള രഹസ്യ ബന്ധമാണിതെന്നും നദ്ദ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.