ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എല്‍വി മാര്‍ക് 3 ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് എൽവിഎം ത്രീ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിച്ചു.
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യെ ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വാഹനം ജിഎസ്എല്‍വി മാര്‍ക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന പേരിലാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഈ ദൗത്യത്തില്‍ ഉപയോഗിച്ചത്.
ഉപഗ്രഹത്തില്‍ നിന്ന് മൊബൈലിലേയ്ക്ക് നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് വണ്‍ വെബ്. ഇന്ത്യയില്‍ നിന്ന് ഭാരതീയ എയര്‍ടെല്ലിനു പങ്കാളിത്തമുള്ള കമ്പനിയാണ് വണ്‍ വെബ്. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. 648 ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് വണ്‍ വെബ് ലക്ഷ്യമിടുന്നത്. ഇതില്‍ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.
റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ സേവനമാണ് ഇതുവരെ അവര്‍ ഉപയോഗിച്ചിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതോടെയാണ് വെബ് വണ്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്. 2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി ഐഎസ്ആർഒ വിക്ഷേപിക്കും.