/indian-express-malayalam/media/media_files/uploads/2018/10/kamal-haasan-speaks-on-chinmayi-allegations-759.jpg)
ഹിന്ദി ഭാഷ വിവാദത്തിൽ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും കമൽ ഹസൻ. മറ്റെല്ലാ ഭാഷകളെയും വച്ച് നോക്കുമ്പോൾ ഹിന്ദി കൊച്ചുകുട്ടിയാണെന്ന് കമൽ ഹസൻ പറഞ്ഞു. ഒരു കുട്ടിയെന്ന നിലയിൽ ഹിന്ദിക്ക് നമ്മൾ കൂടുതൽ പരിഗണന നൽകണമെന്നും കമൽ ഹസൻ പരിഹാസ രൂപേണ പറഞ്ഞു. ചെന്നൈ ലയോള കോളേജിലെ സംവദിക്കുമ്പോഴാണ് രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് കമല്‍ഹാസന്റെ പരാമർശം.
"തമിഴ്, സംസ്കൃതം, തെലുങ്ക് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി കൊച്ചുകുട്ടിയാണ്. അതിനെ നമ്മൾ അങ്ങനെ തന്നെ പരിഗണിക്കുകയും ചെയ്യും. എനിക്ക് അതിനോട് അവഹേളനം ഒന്നുമില്ല അനുകമ്പയും ദയാലുത്വവും മാത്രമേ ഉള്ളു. ഹിന്ദി ഞാൻ വളരെക്കുറച്ച് മാത്രമേ സംസാരിക്കൂ. അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത്. ഞങ്ങളെ അത്താഴത്തിന് വിളിച്ച് സൽക്കരിച്ചോളൂ. എന്നാൽ എന്ത് കഴിക്കണമെന്നോ എങ്ങനെ കഴിക്കണമെന്നോ എപ്പോ കഴിക്കണമെന്നോ ഞങ്ങളോട് പറയരുത്." കമൽ ഹസൻ പറഞ്ഞു.
Also Read:'തമിഴ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണം'; പ്രധാനമന്ത്രിയോട് സ്റ്റാലിന്‍
തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന്‍ കത്തയച്ചു. എട്ട് കോടിയിലധികം ജനങ്ങള്‍ സംസാരിക്കുന്ന തമിഴ് ഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെയാണ് സ്റ്റാലിന്‍ തമിഴ് വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് പ്രാചീന ഭാഷയാണെന്നും യുഎസില്‍ പോയപ്പോള്‍ താന്‍ തമിഴ് സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ തമിഴ് ഭാഷയ്ക്കായി രംഗത്തുവന്നിരിക്കുന്നത്.
“തമിഴ് പ്രാചീന ഭാഷയാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതു പറയുന്നു. തമിഴ് ഏറ്റവും പ്രാചീനമായ ഭാഷയാണെന്ന് ചരിത്രകാരന്‍മാരും ഗവേഷകരും സമ്മതിക്കുന്നു. എന്നാല്‍, 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രം ശ്രമിക്കുന്നത് തമിഴിനെ അടിച്ചമര്‍ത്താനാണ്. സംസ്‌കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദിയും സംസ്‌കൃതവും അറിയാത്ത തമിഴരില്‍ ഇത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിത്. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനിടയിലും പ്രധാനമന്ത്രി തമിഴിനെ അംഗീകരിച്ചത് വലിയ ആശ്വാസമാണ്” സ്റ്റാലിന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us