/indian-express-malayalam/media/media_files/uploads/2022/08/Himachal-Floods-FI.jpg)
ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു, എട്ടു പേരെ കാണാതായി. മഴയെത്തുടര്‍ന്ന് 34 മണ്ണിടിച്ചില്‍ സംഭവങ്ങളും പല ജില്ലകളില്‍ വെള്ളപ്പൊക്കവുമുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് ഉത്തര്‍പ്രദേശില്‍നിന്നുള്ള ടൂറിസ്റ്റ് കാറിനു മുകളില്‍ പാറക്കല്ല് പതിച്ച് രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ രണ്ടുപേരെ വിഗദ്ധ ചികിത്സയ്ക്കായി തിയോഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചാബ്-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലെ കാന്‍ഗ്ര ജില്ലയില്‍ ചക്കി നദിക്കു കുറുകെയുള്ള റെയില്‍വേ പാലം വന്‍തോതില്‍ വെള്ളം കുത്തിയൊഴുകിയതിനെത്തുടര്‍ന്നു തകര്‍ന്നു. 800 മീറ്റര്‍ നീളമുള്ള ഈ നാരോ ഗേജ് പാത ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തൂണുകള്‍ ശോഷിച്ചതാണ് തകര്‍ച്ചയ്ക്കു കാരണമായി പറയപ്പെടുന്നത്. പ്രദേശവാസികളുടെ പ്രധാന യാത്രാ മാര്‍ഗമാണ് ഈ റെയില്‍വേ ട്രാക്ക്.
A railway bridge in HP's Kangra collapses due to heavy rain. @IndianExpresspic.twitter.com/G6wsitP9Fl
— Amil Bhatnagar (@AmilwithanL) August 20, 2022
ചമ്പയിലെ ബാനെറ്റ് ഗ്രാമത്തില്‍ പുലര്‍ച്ചെ നാലരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പൊലീസും റവന്യൂ വകുപ്പും നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മണ്ഡിയിലെ കഷന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ടു പേര്‍ മരിച്ചു. മണ്ണും കല്ലും മറ്റും കുത്തിയൊലിച്ചതിനെത്തുടര്‍ന്നു തകര്‍ന്ന വീട്ടില്‍ ഇവര്‍ കുടുങ്ങിപ്പോകുകയായിരുന്നുവെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് മണ്ഡി ജില്ലയിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.
ഹമീര്‍പൂരിലെ ഖേരി സുജന്‍പൂരില്‍ രാവിലെ ആറോടെ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കുട്ടികളടക്കം 22 പേര്‍ കുടുങ്ങി. ഇവരില്‍ 19 പേരെ രക്ഷപ്പെടുത്തിയയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കന്‍ഗ്ര ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. അഞ്ഞൂറിലധികം ആളുകളെ ഒഴിപ്പിച്ചു.
അടുത്ത ആഴ്ചയില്‍ മിതമായതു മുതല്‍ ശക്തമായതു വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.