ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നു കരകവിഞ്ഞ് ഒഴുകി നദികള്‍. തീരം തകരുകയും പാലങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു.
റായ്പൂര്‍ മേഖലയിലെ സര്‍ഖേത് ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ 2.15 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. തോണ്‍സ് നദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടര്‍ന്നു തീരത്തുള്ള പ്രസിദ്ധമായ ശിവക്ഷേത്രമായ തപ്കേശ്വറിന്റെ ഗുഹകളില്‍ വെള്ളം കയറി.
സോങ് നദിക്കു കുറുകെ താനോയ്ക്കു സമീപമുള്ള പാലം ഒലിച്ചുപോയി. മസൂറിക്കു സമീപത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍നിന്ന് അപകടകരമായി നിലയിലാണ് വെള്ളമൊഴുകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
താനോയ്ക്കു സമീപത്തെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു. വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
”ഭരണകൂടം പൂര്‍ണ ജാഗ്രതയിലാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായവും സ്വീകരിക്കാം,” അദ്ദേഹം പറഞ്ഞു.
വെള്ളം കുത്തിയൊഴുകിയതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ കയറിയതോടെ തെഹ്രി ജില്ലയിലെ കീര്‍ത്തിനഗര്‍ പ്രദേശത്തെ വീട്ടില്‍ എണ്‍പതു വയസുള്ള സ്ത്രീ കുടുങ്ങി.
മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് പത്തോളം ഗ്രാമങ്ങളിലെ വീടുകളില്‍ ചെളി കയറി. മാല്‍ദേവ്ത, ഭുട്സി, തൗലിയകതാല്‍, തത്യുദ്, ലാവര്‍ഖ, റിംഗല്‍ഗഡ്, ധുട്ടു, റഗഡ് ഗാവ്, സര്‍ഖേത് തുടങ്ങിയ ഗ്രാമങ്ങളെയാണു ദുരിതം കാര്യമായി ബാധിച്ചതെന്നു് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആര്‍ എഫ്) പ്രവര്‍ത്തിച്ചുവരികയാണ്. ദുരിതബാധിതരെ സ്‌കൂളുകളിലേക്കും പഞ്ചായത്ത് കെട്ടിടങ്ങളിലേക്കും മാറ്റിയതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ധനോല്‍തി ലക്ഷ്മി രാജ് ചൗഹാന്‍ പറഞ്ഞു.
വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ കാരണം റായ്പൂര്‍-കുമാല്‍ദ മോട്ടോര്‍ റോഡില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലും ടോട്ടഘട്ടിയിലും ഋഷികേശ്-ഗംഗോത്രി ഹൈവേയിലും നാഗ്‌നിയിലും ഗതാഗതം തടസപ്പെട്ടു. നരേന്ദ്രനഗര്‍-റാണിപോഖ്രി മോട്ടോര്‍ റോഡ് പലയിടത്തും തടസമുണ്ടായതായും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു.