/indian-express-malayalam/media/media_files/2024/11/20/JR6iUrSrWJrD9609Mt6Z.jpg)
പോലീസ് കണ്ടെടുത്ത പണം
ബെംഗളൂരു: കവർച്ചാ കേസിൽ പരാതിക്കാരനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. സ്വർണ വ്യാപാരി സൂരജ് വന്മയാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും പണം തട്ടിയെടുക്കാൻ കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും ചെയ്തു.
നവംബർ 15 ന് മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്ന് ബിസിനസ് ഇടപാടിനുശേഷം കേരളത്തിലേക്ക് മടങ്ങുമ്പോൾ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു സൂരജ് വന്മനെ സങ്കേശ്വർ പോലീസിൽ പരാതി നൽകിയത്. കാറിനെ പിന്തുടർന്ന് എത്തിയ കവർച്ചാ സംഘം പൂനെ-ബെംഗളൂരു ദേശീയ പാതയിൽവച്ച് വാഹനം തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പണമടങ്ങിയ തന്റെ കാറുമായി സംഘം രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കാർ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി. പിന്നീട് ബെലഗാവിയിലെ ഹുക്കേരി താലൂക്കിലെ നേർലി ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി. സ്വർണാഭരണങ്ങൾ വിറ്റുവെന്നും 75 ലക്ഷം രൂപ കാറിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ സൂക്ഷിച്ചിരുന്നുവെന്നും സൂരജ് മൊഴി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, കാർ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ പെട്ടിയിൽനിന്ന് 1.01 കോടി രൂപ കണ്ടെത്തി. സൂരജിനെയും ഡ്രൈവർ ആരിഫ് ഷെയ്ഖിനെയും സുഹൃത്ത് അജയ് സാരഗറിനെയും കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഗുലെദ് പറഞ്ഞു.
''സ്വർണാഭരണങ്ങൾ കേരളത്തിലെ ഭരത് എന്ന വ്യക്തിയുടേതാണ്. ആഭരണങ്ങൾ രണ്ടുപേർക്ക് വിൽക്കാനാണ് സൂരജിനെ അയച്ചത്. എന്നാൽ, ആഭരണങ്ങൾ വിറ്റ പണം തട്ടിയെടുക്കാൻ സൂരജും കൂട്ടാളികളും ചേർന്ന് ഒരു കവർച്ചക്കഥ ഉണ്ടാക്കി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായി സംശയിക്കുന്നു,'' ഗുലെദ് പറഞ്ഞു.
Read More
- ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കർ; നേരിട്ടുള്ള വിമാന സർവീസുകളിലടക്കം ചർച്ച
- കേന്ദ്രം പൂർണ പരാജയം; മണിപ്പൂരിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകി കോൺഗ്രസ്
- Vinod Tawde: വോട്ടിനു പണം? ബിജെപി ദേശിയ നേതാവ് മഹാരാഷ്ട്രയിൽ പിടിയിൽ
- ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്ലൈനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.