/indian-express-malayalam/media/media_files/uploads/2020/02/bhim-army.jpg)
ന്യൂഡൽഹി: ഭീം ആർമി പ്രവർത്തകർക്ക് ഫെബ്രുവരി 22ന് ആർഎസ്എസ് ആസ്ഥാനത്തിന് സമീപമുള്ള രേഷിംബാഗ് മൈതാനത്ത് യോഗം നടത്താൻ ഹൈക്കോടതിയുടെ അനുമതി. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ചില നിബന്ധനകളോടെ അനുമതി നൽകിയത്.
കോൺക്ലേവിന് അനുമതി തേടി ദലിത് സംഘടനയാണ് ഹർജി സമർപ്പിച്ചത്. ഇത് പരിഗണിച്ച ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു. ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് യോഗത്തിൽ പ്രസംഗിക്കും. ഭീം ആർമി പ്രവർത്തകൻ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പൊലീസ് കമ്മീഷണർക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.
Read More: ഇന്ത്യയുമായി വ്യാപാരം ചർച്ച ചെയ്യും, സ്വീകരിക്കാൻ ഒരു കോടിയോളം ആളുകൾ എത്തും: ഡോണൾഡ് ട്രംപ്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ആസ്ഥാനത്തിന് സമീപമാണ് വിശാലമായ മൈതാനം. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോട്‌വാലി പൊലീസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്ന് ഭീം ആദ്മി കോടതിയെ സമീപിക്കുകയായിരുന്നു.
യോഗം നടത്താൻ നാഗ്പൂർ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റഡ് ഉടമസ്ഥതയിലുള്ള മൈതാനത്തെ നിയന്ത്രിക്കുന്ന സിപിയുടെയും ബെരാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും അനുമതി ലഭിച്ചതായി ഭീം ആർമി നാഗ്പൂർ ജില്ലാ മേധാവി പ്രഫുൽ ഷെൻഡെ തന്റെ അഭിഭാഷകൻ ഫിർദോസ് മിർസ വഴി സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോട്‌വാലി പൊലീസ് യോഗത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഭീം ആർമി പ്രവർത്തകരുടെ യോഗം നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകി.
“നിബന്ധനകളോടെ അനുമതി നൽകുന്നു. അത് ഒരു പ്രവർത്തക യോഗം മാത്രമായിരിക്കണം. അതിനെ പ്രകടനമോ പ്രതിഷേധമോ ആക്കി മാറ്റരുത്. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, അന്തരീക്ഷം സമാധാനപരമായിരിക്കണം. കൂടാതെ, മേൽപ്പറഞ്ഞ വ്യവസ്ഥകൾ ചന്ദ്രശേഖർ ആസാദിന്റെ ഉത്തരവാദിത്തത്തിലായിരിക്കും,” കോടതി ഉത്തരവിൽ പറഞ്ഞു.
വ്യവസ്ഥകളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ക്രിമിനൽ നടപടികൾ കൈക്കൊള്ളുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
ആർഎസ്‌എസ് ആസ്ഥാനത്തിന് സമീപമുള്ള ഒരു സ്ഥലത്ത് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം നടത്താൻ സംഘടന അനുമതി തേടുന്നതായി പൊലീസ് വകുപ്പ് വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ആർഎസ്‌എസ് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് വിരുദ്ധവും വ്യത്യസ്തവുമായ ഒരു പ്രത്യയശാസ്ത്രമാണ് അപേക്ഷകന്റെ സംഘടനയ്ക്കുള്ളതെന്നും അത്തരമൊരു സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് സത്യവാങ്മൂലത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.