scorecardresearch

'ആയിരങ്ങളെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാനാവില്ല'; ഹല്‍ദ്വാനി ഒഴിപ്പിക്കലിന് സുപ്രീം കോടതി സ്റ്റേ

ഇതൊരു മാനുഷികപ്രശ്‌നമാണെന്നും ചില പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

ഇതൊരു മാനുഷികപ്രശ്‌നമാണെന്നും ചില പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

author-image
WebDesk
New Update
supreme-court|india

സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ അവകാശവാദമുന്നയിക്കുന്ന ഹല്‍ദ്വാനിയിലെ ഭൂമിയില്‍നിന്ന് നാലായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

Advertisment

''50,000 പേരെ ഒറ്റരാത്രികൊണ്ട് പിഴുതെറിയാന്‍ കഴിയില്ല. ഭൂമിയില്‍ അവകാശമില്ലാത്ത ആളുകളെ കണ്ടെത്തുകയും റയില്‍വേയുടെ ആവശ്യകത തിരിച്ചറിഞ്ഞ് പുനരധിവാസം നടത്തുകയും വേണം,'' സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതൊരു മാനുഷികപ്രശ്‌നമാണെന്നും ചില പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഫെബ്രുവരി ഏഴിലേക്കു മാറ്റി.

''അവകാശങ്ങളൊന്നും ഇല്ലാത്ത കേസുകളില്‍ പോലും പുനരധിവാസം നടത്തേണ്ടതുണ്ട്. ഉടമസ്ഥാവകാശം നേടിയ ചില കേസുകളില്‍ നിങ്ങള്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഒരു മാനുഷിക വീക്ഷണം ആവശ്യമാണ്,'' ജസ്റ്റിസ് കൗള്‍ പറഞ്ഞു.

Advertisment

''പ്രശ്‌നത്തിനു രണ്ടു വശങ്ങളുണ്ട്. ഒന്ന്, അവര്‍ പാട്ടത്തിന് അവകാശവാദം ഉന്നയിക്കുന്നു. രണ്ട്, 1947നു ശേഷം ആളുകള്‍ കുടിയേറിയെന്നും ഭൂമി ലേലം ചെയ്‌തെന്നും അവര്‍ പറയുന്നു. ആളുകള്‍ അവിടെ വര്‍ഷങ്ങളോളം താമസിച്ചു. കുറച്ച് പുനരധിവാസമുണ്ട്. അവിടെ സ്ഥാപനങ്ങളുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ അവരെ ഒഴിവാക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?''

''ലേലത്തില്‍ ഭൂമി വാങ്ങിയ ആളുകളുടെ സാഹചര്യത്തെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്. ഭൂമി ഏറ്റെടുത്ത് വിനിയോഗിക്കാം. മറ്റ് ആളുകള്‍ 50-60 വര്‍ഷമായി അവിടെ താമസിക്കുന്നു. റെയില്‍വേയുടെ ഭൂമിയാണെന്നു കരുതിയാലും ചില പുനരധിവാസ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്,'' ജസ്റ്റിസ് കൗള്‍ പറഞ്ഞു.

''പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ പുറത്താക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നു പറയുന്നതു ശരിയായിരിക്കില്ല,'' ജസ്റ്റിസ് ഓക പറഞ്ഞു.

ഹല്‍ദ്വാനിയിലെ ഭൂമിയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഡിസംബര്‍ 20നാണു ജസ്റ്റിസുമാരായ ആര്‍ സി ഖുല്‍ബെയും ശരദ് കുമാര്‍ ശര്‍മയും ഉള്‍പ്പെട്ട ഉത്തരാഖണ്ഡ് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടത്. അനധികൃത താമസക്കാര്‍ക്ക് ഒരാഴ്ചത്തെ സമയം നല്‍കാനും തുടര്‍ന്ന് ഒഴിപ്പിക്കാനുമാണു ബെഞ്ച് റെയില്‍വേയ്ക്കു നല്‍കിയിരുന്ന നിര്‍ദേശം. ഇക്കാര്യത്തില്‍ സാഹചര്യമനുസരിച്ച് സേനയെ ഉപയോഗിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഗഫൂര്‍ ബസ്തി, ധോലക് ബസ്തി, ഇന്ദിരാ നഗര്‍ എന്നീ ചേരികള്‍ ഉള്‍പ്പെടുന്നതാണു ഹല്‍ദ്വാനി ബന്‍ഭൂല്‍പുര പ്രദേശത്തെ 2.2 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമി. മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍, 11 അംഗീകൃത സ്വകാര്യ സ്‌കൂളുകള്‍, 10 പള്ളികളള്‍, 12 മദ്രസകള്‍, ഒരു സര്‍ക്കാര്‍ പൊതുജനാരോഗ്യ കേന്ദ്രം, ഒരു ക്ഷേത്രം എന്നിവ ഈ ഭൂമിയിലുണ്ട്.

Supreme Court Land Issue Uttarakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: