scorecardresearch
Latest News

രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രണ്ട് രാമക്ഷേത്ര ട്രസ്റ്റിമാർ

ഒരു യുവാവ് കാൽനടയായി യാത്ര ചെയ്ത് രാജ്യത്തെ മനസിലാക്കാൻ ശ്രമിക്കുന്നു. ഇത് അഭിനന്ദിക്കേണ്ട കാര്യമാണ്

രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രണ്ട് രാമക്ഷേത്ര ട്രസ്റ്റിമാർ

ലക്നൗ: രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിനുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് അയോധ്യയിൽനിന്നും കൂടുതൽ ശബ്ദങ്ങൾ ഉയരുന്നു. വിഎച്ച്‌പിയുടെ ചമ്പത് റായ് മുതൽ രാമക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി വരെ ഇക്കൂട്ടത്തിലുണ്ട്. ആർഎസ്എസോ പ്രധാനമന്ത്രിയോ ആരും യാത്രയെ വിമർശിച്ചിട്ടില്ലെന്ന് റായ് പറഞ്ഞു.

യുപിയിലൂടെ യാത്ര നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും പരിപാടികൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും തങ്ങൾ ആളുകളുടെ വികാരങ്ങളെ മാനിക്കുന്നവരാണെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി നൽകിയത്.

”അവരുടെ ഉദ്ദേശവും അഭിലാഷവും എന്താണെന്നതാണ് ചോദ്യം. ബിജെപിയെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി പറയുന്നതുപോലെ, രാഷ്ട്രമാണ് ഒന്നാമത്. പാർട്ടിക്ക് മുകളിൽ ഞങ്ങൾ രാജ്യത്തെ കാണുന്നു. എന്നാൽ പലർക്കും രാജ്യത്തിന് മുകളിലാണ് പാർട്ടി. തവാങ് അടക്കമുള്ള മറ്റു ചില വിഷയങ്ങൾ നോക്കിയാൽ, അവരുടെ പ്രസ്താവനകൾ കണക്കിലെടുക്കുമ്പോൾ, എനിക്ക് തോന്നുന്നത് ഈ പ്രസ്താവനകൾ രാജ്യത്തെ ഒന്നിപ്പിക്കുകയല്ല, മറിച്ച് ഭിന്നിപ്പിച്ച് ശത്രുക്കളെ വർധിപ്പിക്കുമെന്നാണ്. നമ്മൾ അത് ചെയ്യുന്നത് ഒഴിവാക്കണം,” അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ യാത്രയെ സത്യേന്ദ്ര ദാസ് അഭിനന്ദിച്ചതിനെക്കുറിച്ച് വിഎച്ച്പി രാജ്യാന്തര വൈസ് പ്രസിഡന്റും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് പറഞ്ഞത് ഇതാണ്. ”യാത്രയെ ആരാണ് വിമർശിച്ചത്. ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവർത്തകനാണ്. സംഘത്തിൽ നിന്ന് ആരെങ്കിലും യാത്രയെ വിമർശിച്ചിട്ടുണ്ടോ? യാത്രയെ പ്രധാനമന്ത്രി വിമർശിച്ചിട്ടുണ്ടോ?,”.

”ഒരു യുവാവ് കാൽനടയായി യാത്ര ചെയ്ത് രാജ്യത്തെ മനസിലാക്കാൻ ശ്രമിക്കുന്നു. ഇത് അഭിനന്ദിക്കേണ്ട കാര്യമാണ്. ഈ കാലാവസ്ഥയിൽ 50 കാരനായ വ്യക്തി 3000 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യുന്നു. ഞങ്ങൾ അവനെ അഭിനന്ദിക്കാൻ പോകുന്നു. വാസ്തവത്തിൽ, രാജ്യത്തെ മനസിലാക്കാൻ എല്ലാവരും രാജ്യത്തുടനീളം ഒരു മാർച്ച് നടത്തണം,” റായ് പറഞ്ഞു.

ശ്രീരാമന്റെ പേരിലും ഭാരതമാതാവിന്റെ പേരിലും എന്തെങ്കിലും ചെയ്താൽ ഞങ്ങൾ അത് അഭിനന്ദിക്കും. ശ്രീരാമൻ അവർക്ക് പ്രചോദനം നൽകും. അതിലൂടെ രാഷ്ട്രത്തിൽ ഐക്യം നിലനിർത്താമെന്ന് രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ”ഈ യാത്ര രാജ്യത്തെ ഒന്നിപ്പിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ഇതൊരു നല്ല മുദ്രാവാക്യമാണ്, ഇന്ത്യ ഒറ്റക്കെട്ടായി തുടരണം,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Two ram temple trustees back rahul yatra